VIDEO - റിയാദില്‍ വരുന്ന പുതിയ എയര്‍പോര്‍ട്ട്: ആറു റണ്‍വേകള്‍, ലക്ഷത്തിലേറെ തൊഴില്‍; വിശദവിവരങ്ങള്‍

റിയാദ് - കൃത്രിമ ബുദ്ധിയും നൂതന സാങ്കേതികവിദ്യകളും അവലംബിച്ച് യാത്രക്കാര്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുകയും തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുകയും ചെയ്യുന്ന നിലയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നാമഥേയത്തില്‍ റിയാദില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നു. ലോകത്തിന്റെ പ്രവേശന കവാടമാക്കിയും ഗതാഗതം, വ്യാപാരം, ടൂറിസം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കിയും കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന പാലമാക്കിയും റിയാദ് നഗരത്തെ മാറ്റുന്ന കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു.
ആഗോള ലോജിസ്റ്റിക് കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാന്‍ പുതിയ വിമാനത്താവളം സഹായിക്കും. ലോകത്തിലെ ഏറ്റവും വലിയ പത്തു നഗര സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി റിയാദിനെ മാറ്റാനുള്ള സൗദി അറേബ്യയുടെ പദ്ധതിക്കും പുതിയ വിമാനത്താവളം കരുത്തു പകരും. തലസ്ഥാന നഗരിയിലെ ജനസംഖ്യയിലുണ്ടാകുന്ന നിരന്തര വളര്‍ച്ചയുമായി പുതിയ എയര്‍പോര്‍ട്ട് പദ്ധതി ഒത്തുപോകുന്നു. 2030 ഓടെ റിയാദിലെ ജനസംഖ്യ ഒന്നര കോടി മുതല്‍ രണ്ടു കോടി വരെയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നാകുന്ന കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് വ്യാപിച്ചുകിടക്കും. പുതിയ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതോടെ നിലവില്‍ റിയാദ് വിമാനത്താവളത്തിലുള്ള ടെര്‍മിനലുകള്‍ കിംഗ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന പേരില്‍ അറിയപ്പെടും. ഇവയും പുതിയ എയര്‍പോര്‍ട്ടിന്റെ ഭാഗമാകും. ആകെ ആറു റണ്‍വേകളാണ് കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുണ്ടാവുക. ഇവിടെ 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് അനുബന്ധ സൗകര്യങ്ങളും പാര്‍പ്പിട കേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും മറ്റു നിരവധി ലോജിസ്റ്റിക് സൗകര്യങ്ങളുമുണ്ടാകും.

2030 ഓടെ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണം 12 കോടിയായി ഉയര്‍ത്തുന്ന നിലക്ക് എയര്‍പോര്‍ട്ടിന്റെ ശേഷി ഉയര്‍ത്തും. 2050 ഓടെ പ്രതിവര്‍ഷം 18.5 കോടി യാത്രക്കാരെയും 35 ലക്ഷം ടണ്‍ കാര്‍ഗോയും ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം വിമാനത്താവളത്തിന്റെ ശേഷി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.
സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും സുഗമവും കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങളോടെ സവിശേഷമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിന് സൗദി സംസ്‌കാരത്തെ അനുകരിക്കുന്ന രൂപകല്‍പനകളോടെ മികച്ച നൂതന മാനദണ്ഡങ്ങള്‍ക്കനുസൃതമായി താമസ, വിനോദ, വാണിജ്യ സൗകര്യങ്ങള്‍ പുതിയ വിമാനത്താവളത്തില്‍ നടപ്പിലാക്കും. സുസ്ഥിരതക്ക് മുന്‍ഗണന നല്‍കുന്ന പുതിയ എയര്‍പോര്‍ട്ടില്‍ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ അവലംബിക്കും. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കുള്ള ലീഡ് പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ് നേടാനും കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് ലക്ഷ്യമിടുന്നു. ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രത്തിനും ദേശീയ ഗ്ലോബല്‍ സപ്ലൈ ചെയിന്‍ പദ്ധതിക്കും അനുസൃതമായി രാജ്യത്ത് പശ്ചാത്തല പദ്ധതികളും റിയല്‍ എസ്റ്റേറ്റ് പദ്ധതികളും വികസിപ്പിക്കാനും പുതിയ മേഖലകള്‍ ആരംഭിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കുന്ന പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രവുമായി കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപനം ഒത്തുപോകുന്നു. പ്രത്യക്ഷവും പരോക്ഷവുമായി 1,03,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ എയര്‍പോര്‍ട്ട് പദ്ധതി പെട്രോളിതര ആഭ്യന്തരോല്‍പാദനത്തിലേക്ക് പ്രതിവര്‍ഷം 2,700 കോടി റിയാല്‍ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളം സഹായിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. പുതിയ എയര്‍പോര്‍ട്ട് പ്രാദേശിക, ആഗോള സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുമെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും പറഞ്ഞു.

Latest News