Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം; സമരക്കാരെ പിന്തുണച്ച് ജോസ് കെ മാണി, കലാപമുണ്ടാക്കാൻ ശ്രമമെന്ന് സി.പി.എം, ക്ഷമയുടെ നെല്ലിപ്പടിയിലെന്ന് മന്ത്രി

- സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമെന്ന് കേരള കോൺഗ്രസ് എം, നിയമവാഴ്ച കൈയ്യിലെടുക്കാൻ സമരക്കാരെ അനുവദിക്കരുതെന്ന് സി.പി.എം

തിരുവനന്തപുരം - വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിൽ കല്ലുകടി. വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി രംഗത്തെത്തി. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 എടുത്ത അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാൽ വിഴിഞ്ഞത്ത് സമരത്തിന്റെ മറവിൽ കലാപമുണ്ടാക്കാനാണ് ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സമരത്തിന്റെ പേരിൽ ജനങ്ങൾക്കിടയിലെ സൗഹാർദ്ദം ഇല്ലാതാക്കി ആക്രമണം അഴിച്ചുവിടുന്നതിന്റെ ഭാഗമായാണ് പോലീസ് സ്‌റ്റേഷൻ ആക്രമണം. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവപൂർവ്വവും, അപലപനീയവുമാണ്. സമരം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണ്. പോലീസ് സ്‌റ്റേഷൻ തല്ലിത്തകർക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങൾ ഇവർ നടത്തിക്കൊണ്ടിരിക്കുന്നു. ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് സർക്കാർ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുവരെ തുറുന്നുകാണിക്കാണം.
 കേരളത്തിന്റേയും തിരുവനന്തപുരത്തിന്റേയും വികസനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുക എന്നത്. ഇതിന്റെ തുടർച്ചയായി വ്യവസായ ഇടനാഴി വികസിപ്പിക്കുതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കാൻ വലിയ പ്രചാരണം ഉയർന്നുവരണമെന്നും സി.പി.എം ആവശ്യപ്പെട്ടു. 
 വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും പ്രതികരിച്ചു. സമരക്കാരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന വലിയ പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതൊഴികെ മറ്റാവശ്യങ്ങളിൽ സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
 ജുഡീഷ്യറിയിൽ വിശ്വാസമുള്ളവരാണ് രൂപതയെങ്കിൽ ഹൈകോടതി നിർദേശം പാലിക്കണമായിരുന്നു. തുറമുഖ പദ്ധതി പ്രദേശത്തെ നിർമാണത്തിന് തടസം നിൽക്കില്ലെന്ന് രൂപത ഉറപ്പ് നൽകിയതാണ്. പദ്ധതി നിർത്തണമെന്ന രൂപതയുടെ ആവശ്യം അംഗീകരിക്കാനാവില്ല. പോലീസിനെ കൈയ്യേറ്റം ചെയ്യുക, പോലീസ് സ്‌റ്റേഷൻ അക്രമിക്കുക, മറ്റ് മതവിഭാഗങ്ങളുടെ വീടുകൾ ആക്രമിക്കുക എന്നിവ ആർക്കും അംഗീകരിക്കാനാവില്ല. മറ്റ് മതവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷമുണ്ടായി. ഒരു തരത്തിലുമുള്ള മത വർഗീയതയെ അംഗീകരിക്കാനാവില്ലെന്നും അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു.

Latest News