Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

വിഴിഞ്ഞത്ത് നിലയ്ക്കാത്ത സമര കടലിരമ്പം ഒന്നും ചെയ്യാനാകാതെ സർക്കാർ

വിഴിഞ്ഞം തുറമുഖത്തിന് അനുകൂലമായും എതിർത്തുമുള്ള സമര കോലാഹലം അതിന്റെ  പാരമ്യതയിലാണിപ്പോൾ. കഴിഞ്ഞ ദിവസം അവിടെ നടന്ന സമരവും സംഘർഷവും  വാർത്തകളിൽ കണ്ടവർക്ക് വിഷയത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ടാകും. സംഘർഷ സാധ്യത അറിഞ്ഞിട്ടും നടപടിയെടുത്തില്ല എന്ന പരാതി ശക്തമായപ്പോൾ ഇന്നലെ പോലീസ് ഉണർന്നു. 
വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഒന്നാം പ്രതിയായും സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികരെ പ്രതിപ്പട്ടികയിൽ പെടുത്തിയും  കേസെടുത്തിരിക്കയാണ്.  ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആർ. 
വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമര സമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപത വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെയും  രണ്ട് കേസെടുത്തിട്ടുണ്ട്. വിഴിഞ്ഞം സമരം മൂലം തുറമുഖ പദ്ധതിക്കുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാൻ  സർക്കാർ കൈക്കൊണ്ട തീരുമാനം നടപ്പാക്കാനാകുമോ എന്നത് ഇനി കണ്ടറിയണം. 
അദാനി പറഞ്ഞ നഷ്ടപരിഹാരത്തുക ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 131  ദിവസം പിന്നിട്ട സമരം വഴി 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനിയുടെ കണക്ക്. ലത്തീൻ സഭയിൽ നിന്നും തുക ഈടാക്കണമെന്ന് നേരത്തെ വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനി ആവശ്യപ്പെട്ടിരുന്നു.   വലിയ വോട്ട് ബാങ്കും അടിസ്ഥാന വർഗവുമായ ലത്തീൻ സമൂഹത്തിനെതിരെ ഈ വിധത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ പിണറായി സർക്കാർ തയാറായാൽ അതൊരു വലിയ ചരിത്രം തന്നെയാകും. 
 വിഴിഞ്ഞം സമരം ശക്തമാക്കുമെന്ന് പള്ളികളിൽ ലത്തീൻ അതിരൂപത ഇന്നലെ അറിയിച്ചിട്ടുണ്ട് . തുറമുഖ വിരുദ്ധ സമരത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് കടൽ തിരമാലയുടെ ശക്തിയോടെ ലത്തീൻ അതിരൂപത ആണയിടുന്നു.  ഓഖി വർഷിക ദിനത്തിൽ വീടുകളിൽ മെഴുകുതിരി കത്തിക്കാൻ ലത്തീൻ അതിരൂപത തീരുമാനിച്ചിട്ടുണ്ട്. 
 സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെരുമാതുറ മുതലപ്പൊഴിയിൽ  വീണ്ടും പോലീസ് സുരക്ഷ  ഏർപ്പെടുത്തി.  മുതലപ്പൊഴിയിലെ അദാനി ഗ്രൂപ്പിന്റെ വാർഫ് സ്ഥിതിചെയ്യുന്ന മേഖലയിലും മറ്റുമാണ് പോലീസ് നിലയുറപ്പിച്ചിട്ടുള്ളത്.  സമര സമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ലെന്നാണ്   ലത്തീൻ അതിരൂപത പറയുന്നത്.  
വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായുള്ള വാർത്തകളും അന്തരീക്ഷത്തിലുണ്ട്.   തുറമുഖ വിരുദ്ധ സമര സമിതിയിലെ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചതായാണ് മാധ്യമ  വാർത്ത.  ഇതിൽ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ്  പരിശോധന നടക്കുന്നത്.  പദ്ധതി അട്ടിമറിക്കാനായി  ഈ തുക വിനിയോഗിച്ചു എന്നാണ് ആരോപണം. തുറമുഖ അനുകൂല സമരക്കാർ ഈ പ്രചാരണങ്ങളൊക്കെ ഏറ്റുപിടിക്കുന്നുണ്ട്.
സമര സമിതി നേതാവ് എ.ജെ. വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചു വർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ കർശനമായി നിരീക്ഷിച്ചുവരികയാണെന്ന വാർത്ത വന്നു തുടങ്ങിയിട്ടിപ്പോൾ ദിവസങ്ങളായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയൻ എന്ന എ.ജെ വിജയൻ. 
പിണറായി സർക്കാരിലെ ശക്തനായ ഒരംഗത്തിന്റെ സഹോദരനെതിരെ വന്ന ഈ ആരോപണം കേരള സർക്കാരിനെ സമ്മർദത്തിലാക്കുന്നുണ്ട്. ആന്റണി രാജുവിന്റെ താൽപര്യങ്ങൾക്കെതിരെ ചെറുവിരലനക്കാൻ സർക്കാരിന് കഴിയില്ല എന്നതാണ് യാഥാർഥ്യം. പാർട്ടി വലുതൊന്നുമല്ലെങ്കിലും ആന്റണി രാജു എത്ര ശക്തനാണെന്ന് മറ്റാരേക്കാൾ സി.പി.എമ്മിനറിയാം. 
2017 മുതൽ അക്കൗണ്ടിലേക്ക് എത്തിയ വിദേശ പണം  സംബന്ധിച്ചാണ് ഇന്റലിജൻസ് ബ്യൂറോവിയുടെ  അന്വേഷണം. 
വിജയൻ നേതൃത്വം നൽകുന്ന കോസ്റ്റൽ വാച്ച് എന്ന സംഘടനയെയും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുണ്ട്. 
വിഴിഞ്ഞത്ത് തുറമുഖം വരുന്നത് ചൈനയുടെയും   ശ്രീലങ്കയുടെയും  താൽപര്യങ്ങൾക്ക് എതിരാണെന്ന കാര്യം പൊതു ചർച്ചകളിൽ പോലും ആളുകൾ പറഞ്ഞു തുടങ്ങി. 
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തെത്തുമെന്ന്  തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ ദിവസം കണക്ക് പറഞ്ഞിരുന്നു. 
രാജ്യത്തെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ പോകുന്നു.  ചരക്ക് നീക്കത്തിന്റെ മുക്കാൽ പങ്കും നിലവിൽ കൊളംബോയിൽ നിന്നു കൈകാര്യം ചെയ്യുന്നു.  ഇതുവഴി പ്രതിവർഷം 2000 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നതെന്ന് സമരക്കാർക്കെതിരെ സംസാരിക്കവേ മന്ത്രി പറയുകയുണ്ടായി.  
വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞം വഴിയായി മാറും. തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെർത്തുകൾ പ്രവർത്തന ക്ഷമമായാൽ തന്നെ ആദ്യവർഷം തന്നെ ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകുമെന്നാണ് മന്ത്രിയുടെ കണക്കുകൂട്ടൽ.  ഇത് യഥാക്രമം 7822 കോടിയിലെത്താനും വൈകില്ല.  7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു കണ്ടെയ്നർ കൈകാര്യം ചെയ്യാൻ തുറമുഖം പ്രാപ്തമാകുമെന്നാണ് മന്ത്രിയുടെ സ്വപ്‌നം.
തുറമുഖ വിരുദ്ധ സമരത്തെപ്പറ്റി ഒരു പത്രത്തിൽ വന്ന വായനക്കാരന്റെ പ്രതികരണം ഇങ്ങനെ വായിക്കാം- ''പ്രദേശത്തെ ജനങ്ങൾക്ക് പദ്ധതിയെ കുറിച്ച് ആശങ്കയില്ല, എങ്കിൽ ആമസോൺ പാർസലായി വന്ന് സമരം ചെയ്യുന്നവർ ആരെ പറ്റിക്കാനാണ് സമരം നടത്തുന്നത്? ഇത് ആരുടെയോ ഇര വിഴുങ്ങി സമരം ചെയ്യുന്നതാണെന്ന് കരുതേണ്ടിവരും. പിണറായിയെ കണ്ണൂരിലേക്ക് പറഞ്ഞയക്കും എന്ന് പറയുന്ന അൽപൻ പിതാവാണല്ലോ നേതാവ്. 1957 ലെ ക്രിസ്റ്റഫർ സേനയും തൊപ്പിപാള സംഘവും മിഷനറി മുഖേന ലഭിച്ച ക്വട്ടേഷൻ തുകയും എല്ലാം പിതാവ് ഓർത്തുകാണണം.''
എന്തു മാത്രം ക്രൈസ്തവ  ജനവിഭാഗ വിരുദ്ധമാണ് ഈ വരികൾ എന്നത് കാണാതിരുന്നുകൂടാ. പദ്ധതിക്ക് അനുകൂലമായും എതിരായും ഉള്ള സമരങ്ങൾക്ക് പിന്നിലും വർഗീയ രാഷ്ട്രീയം അതിന്റെ എല്ലാ അതിരുകളും ലംഘിക്കുന്നു.  നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനും സർക്കാരിന് കഴിയുന്നില്ല. ഏറ്റവും അവസാനം വരുന്ന വാർത്ത ഈ വിഷയത്തിൽ സർക്കാർ ഒരു സെമിനാർ സംഘടിപ്പിക്കുന്നുവെന്നാണ്. നാളെയാണ് സെമിനാർ. മസ്‌കത്ത് ഹോട്ടലിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. പദ്ധതിയെ അനുകൂലിക്കുന്ന സ്ഥലം എം.പി ശശി തരൂരിനെ ഈ സെമിനാറിലേക്ക് ക്ഷണിച്ച സർക്കാരിന്റെ ലക്ഷ്യം വ്യക്തം- സമരക്കാരുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്ന കോൺഗ്രസിന്റെ നിലപാടിനെതിരെ സംസാരിക്കുന്നയാളെ കൊണ്ടുവന്നുള്ള ഒരു ഷോ. സെമിനാറും ഈ ലക്ഷ്യത്തിൽ ഒതുങ്ങിപ്പോകാനാണ് സാധ്യത.
 

Latest News