Sorry, you need to enable JavaScript to visit this website.

ജിദ്ദ മഴക്കെടുതി നഷ്ടപരിഹാരം: സിവില്‍ ഡിഫന്‍സ് കേന്ദ്രത്തില്‍ തിരക്ക്

നഷ്ടപരിഹാര അപേക്ഷകള്‍ നല്‍കാന്‍ ജിദ്ദ അല്‍രിഹാബ് ഡിസ്ട്രിക്ട് സിവില്‍ ഡിഫന്‍സ് കേന്ദ്രത്തില്‍ എത്തിയവര്‍.

ജിദ്ദ - ഇക്കഴിഞ്ഞ വ്യാഴാഴ്ച നഗരത്തിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മുന്നോടിയായി പ്രത്യേക കമ്മിറ്റി അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി. അല്‍രിഹാബ് ഡിസ്ട്രിക്ടിലെ സിവില്‍ ഡിഫന്‍സ് കേന്ദ്രത്തില്‍ വെച്ചാണ് നാശനഷ്ടങ്ങള്‍ നേരിട്ടവരില്‍ നിന്ന് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ കമ്മിറ്റി സ്വീകരിക്കുന്നത്. അപേക്ഷകളും അനുബന്ധ രേഖകളും ഓണ്‍ലൈന്‍ ആയി നല്‍കാനും സിവില്‍ ഡിഫന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
നാശനഷ്ടങ്ങള്‍ നേരിട്ട് പരിശോധിച്ച് നഷ്ടപരിഹാര തുക കണക്കാന്‍ അപേക്ഷകള്‍ പിന്നീട് ഫീല്‍ഡ് കമ്മിറ്റികള്‍ക്ക് കൈമാറും. ഫീല്‍ഡ് കമ്മിറ്റികള്‍ നാശനഷ്ടങ്ങള്‍ നേരിട്ട് പരിശോധിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക അന്തിമായി അംഗീകരിച്ച് നഷ്ടപരിഹാര വിതരണത്തിന് നടപടികള്‍ സ്വീകരിക്കുക.
2009 ല്‍ ജിദ്ദയിലുണ്ടായ പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാര വിതരണത്തിന് അവലംബിച്ച അതേ സംവിധാനത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം തേടി ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്ററിന് അപേക്ഷ നല്‍കുകയാണ് വേണ്ടത്. സെന്റര്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് നഷ്ടപരിഹാര വിതരണത്തിന് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കുള്ള കവറേജുകള്‍ കൂടി അടങ്ങിയ സമഗ്ര ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി വഴി നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നും ജിദ്ദ നഗരസഭാ വക്താവ് പറഞ്ഞു.
വ്യാഴാഴ്ച റെക്കോര്‍ഡ് മഴയാണ് ജിദ്ദയില്‍ പെയ്തത്. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയവും മലവെള്ളപ്പാച്ചിലുമുണ്ടായി. ദക്ഷിണ ജിദ്ദയിലാണ് ഏറ്റവും വലിയ നാശങ്ങളുണ്ടായത്. നൂറു കണക്കിന് കാറുകള്‍ ഒഴുക്കില്‍ പെട്ട് തകരുകയും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തിരുന്നു. മഴക്കെടുതിയില്‍ കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്കാക്കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


 

 

Latest News