ഇനി എളുപ്പത്തില്‍ തിരിച്ചുപോകില്ല; മുന്നറിയിപ്പുമായി വത്സന്‍ തില്ലങ്കേരി

തിരുവനന്തപുരം- വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമര പേക്കൂത്ത് അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി. ഇനി ആക്രമിച്ചാല്‍ എളുപ്പത്തില്‍ തിരികെ പോകില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുന്നറിയിപ്പ് നല്‍കി.
 അക്രമം ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ പ്രസ്ഥാനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച തുറമുഖത്തേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തുമെന്നും തില്ലങ്കേരി പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരേയും ജനകീയ പ്രതിരോധസമിതി പ്രവര്‍ത്തകരേയും അദ്ദേഹം സന്ദര്‍ശിച്ചു.
    അതേസമയം,  കലക്ടര്‍ ജെറോമിക് ജോര്‍ജ് വീണ്ടും സഭാ നേതൃത്വവുമായും സമരസമിതിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.  വിഴിഞ്ഞത്ത് തീരദേശത്തും പോലീസ് സ്‌റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെ.എസ്.ആര്‍.ടി.സി പരിസരത്തും അടക്കം വന്‍ പോലീസ് സന്നാഹമുണ്ട്. വള്ളങ്ങള്‍ നിരത്തി സമരക്കാര്‍ പലയിടത്തും വഴി തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പോലീസ് കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്.ഐ.ആര്‍.

 

 

Latest News