ന്യൂദല്‍ഹി-ദേശീയ തലസ്ഥാനത്ത് കൊലപാതകത്തിനുശേഷം മൃതദേഹം കഷണങ്ങളാക്കിയ സംഭവം വീണ്ടും.
ദാരുണമായ ശ്രദ്ധ കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ദല്‍ഹി പാണ്ഡവ് നഗര്‍ പ്രദേശത്ത് ഒരാളെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന സംഭവം. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് കഴിഞ്ഞ മേയില്‍ നടന്ന കൊലപാതകം തെളിയിച്ചിരിക്കുന്നത്.
അമ്മയും മകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം 22 കഷ്ണങ്ങളാക്കി രാംലീല ഗ്രൗണ്ടില്‍ സംസ്‌കരിച്ചു. അരിഞ്ഞ ശരീരഭാഗങ്ങള്‍ നിറച്ച ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇരുവരിലേക്കും എത്തിയത്.
പൂനം, മകന്‍ ദീപക് എന്നിവരാണ് പ്രതികള്‍. മെയ് 30നാണ് ഇവര്‍ അഞ്ജന്‍ ദാസിനെ കൊലപ്പെടുത്തിയത്.
ആദ്യഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് പൂനം അഞ്ജന്‍ ദാസിനെ വിവാഹം കഴിച്ചത്. അഞ്ജന്‍ മോശം സ്വഭാവമുള്ളയാളാണെന്ന് പൂനത്തിന് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് െ്രെകം ഡിസിപി അമിത് ഗോയല്‍ പറഞ്ഞു. പൂനത്തിന്റെ ആദ്യഭര്‍ത്താവിലുള്ള മകനാണ് ദീപക്.
നിരവധി തവണ ചോദ്യം ചെയ്തതിന് ശേഷമാണ് ഇരുവരും കുറ്റം സമ്മതിച്ചത്. താനും അമ്മയും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും സഹോദരി അറിഞ്ഞിരുന്നില്ലെന്നും ദീപക് പോലീസിനോട് സമ്മതിച്ചു.
ഭര്‍ത്താവ് പണമെല്ലാം കൈക്കലാക്കുകയും ആഭരണങ്ങള്‍ അപഹരിക്കുകയും ചെയ്താണ് യുവതിയെ കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്ന് െ്രെകം ഡിസിപി അമിത് ഗോയല്‍ പറഞ്ഞു. ഭര്‍ത്താവിന് മോശം സ്വഭാവമുണ്ടെന്നും അയാള്‍ മകളിലും മരുമകളിലും (ദീപകിന്റെ ഭാര്യ) കണ്ണുവെച്ചിട്ടുണ്ടെന്നും പ്രതി സംശയിച്ചു.
2016ല്‍ ഭര്‍ത്താവ് കല്ലു മരിച്ചതിന് ശേഷം 2017ലാണ് പൂനം അഞ്ജന്‍ ദാസിനെ വിവാഹം കഴിച്ചത്. കൊല്ലപ്പെട്ട അഞ്ജന്‍ ബീഹാറില്‍ വിവാഹിതനായിരുന്നു. അവിടെ 8 കുട്ടികളുണ്ട്.
മെയ് 30 ന് അമ്മയും മകനും ചേര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് മൃതദേഹം കഷണങ്ങളാക്കി. ആറ് കഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കഴുത്ത് മുറിച്ച ശേഷം രക്തം പൂര്‍ണ്ണമായി പുറത്തേക്ക് പോകുന്നതിനായി മൃതദേഹം ഒരു ദിവസം വീട്ടില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം വെട്ടിമുറിച്ചത്. ജൂണ്‍ 5 ന് രാംലീല മൈതാനിയില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചതെന്നും െ്രെകം ഡിസിപി അമിത് ഗോയല്‍ പറഞ്ഞു.
ദല്‍ഹിയില്‍ കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ ശരീരഭാഗങ്ങള്‍ ആയിരിക്കാമെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍, ഇത് പുരുഷ ശരീരമാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതിനുശേഷമാണ് അന്വേഷണം വ്യാപിപ്പിച്ചതും പ്രതികളെ വലയിലാക്കയതും.






