ന്യൂദല്‍ഹി- കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച കള്ളങ്ങള്‍ പൊളിയുകയും വസ്തുതകള്‍ ചര്‍ച്ചയാകുകയും ചെയ്തതിനു തൊട്ടുപിറകെ മോഡിയെ പരിഹസിച്ച് ദല്‍ഹിയില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട 'The Lie Lama' എന്ന പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തേടി പോലീസ് രംഗത്ത്. കള്ളം പറയുന്ന നേതാവ് എന്നു ദ്യോതിപ്പിക്കുന്ന പോസ്റ്ററില്‍ മോഡി കൈകൂപ്പി നില്‍ക്കുന്ന ചിത്രവുമുണ്ട്. ഇതിനെതിരെ ബിജെപി നേതാക്കള്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് നീക്കം. അതേസമയം പലയിടത്തും പോസ്റ്ററുകള്‍ ഇപ്പോഴും ഉണ്ട്.
പൊതുസ്ഥലം വൃത്തികേടാക്കുന്നത് തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്ററില്‍ അച്ചടിച്ച സ്ഥലമോ വിലാസമോ ഒന്നുമില്ലാത്തതിനാല്‍ ഇതിനു പിന്നിലുള്ളവരെ തിരിച്ചറിയാനായിട്ടില്ല. സിസിടവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോസ്റ്റര്‍ ഒട്ടിച്ചവരെ പിടികൂടാനാണ് പോലീസിന്റെ ശ്രമം. ദല്‍ഹിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്്റ്റര്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.