തിരുവനന്തപുരം- വിഴിഞ്ഞം സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കേസില്‍ വൈദികരെ ഉള്‍പ്പെടെ ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേര്‍ന്ന് പോലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്. ഐ. ആറില്‍ പറയുന്നത്. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടു കിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പോലീസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
85 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് വിലയിരുത്തല്‍. കരുതിക്കൂട്ടിയുള്ള ആക്രമണാണിതെന്നും എഫ്. ഐ. ആറില്‍ പറയുന്നുണ്ട്. വള്ളങ്ങള്‍ വെച്ച് പലയിടങ്ങളിലും സമരക്കാര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്. രണ്ട് കെ. എസ്. ആര്‍. ടി. സി ബസുകളും ആക്രമണത്തില്‍ തകര്‍ന്നു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്നും കെ. എസ്. ആര്‍. ടി. സി സര്‍വ്വീസ് തുടങ്ങിയിട്ടില്ല.
വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച്ച മദ്യ നിരോധനം പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.