Sorry, you need to enable JavaScript to visit this website.

മന്‍മോഹന്‍ സിംഗ് മികച്ച പ്രധാനമന്ത്രിയായിരുന്നെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി. രംഗരാജന്‍

ന്യൂദല്‍ഹി- മികച്ച പ്രധാനമന്ത്രിയായി ഡോ. മന്‍മോഹന്‍ സിംഗ് തീര്‍ച്ചയായും ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രംഗരാജന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ഫോര്‍ക്‌സ് ഇന്‍ ദ റോഡ്: മൈ ഡേയ്‌സ് അറ്റ് ആര്‍. ബി. ഐ ആന്‍ഡ് ബിയോണ്ട് എന്ന പുസ്തകം ഡോ. രംഗരാജന്‍ സമര്‍പ്പിച്ചിരിക്കുന്നത് ഡോ. മന്‍മോഹന്‍ സിംഗിനാണ്. 

ധനമന്ത്രിയെന്ന നിലയില്‍ സാമ്പത്തിക നയങ്ങളോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ് അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. അദ്ദേഹം ആരംഭിച്ച പരിഷ്‌കാരങ്ങള്‍ പുതിയ വഴിത്തിരിവായി. പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങള്‍ നാം പൂര്‍ണമായി കൊയ്യുന്നുവെന്ന് പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഉറപ്പുനല്‍കി. ഇന്ത്യയുടെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനങ്ങള്‍ 2005-06നും 2010-11നും ഇടയില്‍ ജി. ഡി. പി 8.8 ശതമാനം വര്‍ധിച്ചപ്പോള്‍ ഇന്ത്യയുടെ സാധ്യതയുള്ള വളര്‍ച്ചാ നിരക്ക് എന്താണെന്ന് വ്യക്തമായി കാണിക്കുന്നു. അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ തുടര്‍ച്ചയായി ഇന്ത്യ കൈവരിച്ച ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ അനുഭവമാണിതെന്നും അദ്ദേഹം പറയുന്നു. 

ഈ കാലഘട്ടത്തില്‍ 2008-09 എന്ന ആഗോള പ്രതിസന്ധി വര്‍ഷവും ഉള്‍പ്പെട്ടിരുന്നു എന്നതിന് പുറമെയാണിത്. ഈ കാലയളവില്‍ നിക്ഷേപ നിരക്ക് 2007-08ല്‍ ജി. ഡി. പിയുടെ 39.1 ശതമാനത്തിലെത്തി. ബാലന്‍സ് ഓഫ് പേയ്‌മെന്റില്‍ കറന്റ് അക്കൗണ്ട് കമ്മി കുറവായിരുന്നു. 2011-12ന് ശേഷം ഇന്ത്യയുടെ വളര്‍ച്ച കുറയാന്‍ തുടങ്ങി എന്നത് സത്യമാണ്. ഇത് ഭാഗികമായി ചാക്രികമാണ്. ഒരുപക്ഷെ ഡൗണ്‍സ്വിങ്ങ് നന്നായി കൈകാര്യം ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ധൈര്യവും കാഴ്ചപ്പാടും ഇന്ത്യക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുത്തു എന്ന വസ്തുത ഇപ്പോഴും നിലനില്‍ക്കുന്നു.

പരിഷ്‌കാരങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണയും മറയും നല്‍കിയതിനാല്‍ പി. വി നരസിംഹ റാവുവിനെ അദ്ദേഹം വളരെയധികം പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹം ഒരു വിമുഖനായ പരിഷ്‌കര്‍ത്താവായിരുന്നില്ല, കാരണം പ്രധാനമന്ത്രി എന്ന നിലയില്‍ വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഉത്പാദന വ്യവസ്ഥയില്‍ കടന്നുകൂടിയ നിയന്ത്രണങ്ങളുടെ സങ്കീര്‍ണ്ണ ശൃംഖല പൊളിച്ചുമാറ്റുന്നത് അദ്ദേഹത്തിന്റെ മുന്‍കൈയിലായിരുന്നു. പരിഷ്‌കാരങ്ങളുടെ പ്രധാന ഭാഗമാണിത്. നരസിംഹ റാവു ആയിരുന്നു ആസൂത്രണ കമ്മീഷന്‍ അധ്യക്ഷന്‍. അന്ന് താന്‍ ഒരു അംഗമായിരുന്നുവെന്നും പരിഷ്‌കാരങ്ങളുടെ സ്വഭാവവും അതിന്റെ പ്രത്യാഘാതങ്ങളും വിശദമായി പ്രതിപാദിക്കുന്ന എട്ടാം പഞ്ചവത്സര പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ഒരു മാറ്റവുമില്ലാതെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തുവെന്നും പരിഷ്‌കാരങ്ങളുടെ തത്വശാസ്ത്രത്തിനും യുക്തിക്കും പിന്നില്‍ അദ്ദേഹം ആയിരുന്നുവെന്നും ഡോ. രംഗരാജന്‍ പറയുന്നു. കോണ്‍ഗ്രസിനെ മുഴുവന്‍ കൂടെ കൊണ്ടുപോകേണ്ടതിനാല്‍ അദ്ദേഹം പരിഷ്‌കാരങ്ങളില്‍ വിറളി കാട്ടിയില്ല. അതുകൊണ്ടാണ് ഒരു ഇടവേള എന്നതിലുപരി മുന്‍കാല നയത്തിന്റെ തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചത്. പാര്‍ട്ടിയിലെ എല്ലാവരുടെയും പിന്തുണ ആര്‍ജ്ജിക്കുവാനും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു.

1992നും 1997നും ഇടയില്‍ റിസര്‍വ് ഗവര്‍ണറായിരുന്നു രംഗരാജന്‍. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു അത്. 12-ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (പി. എം. ഇ. എ. സി), മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗം, ആന്ധ്രാപ്രദേശ് ഗവര്‍ണര്‍, രാജ്യസഭാംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982ല്‍ ഐ. ഐ. എം-എ വിട്ട് ആര്‍. ബി. ഐയില്‍ ചേരുകയും 2014-ല്‍ പി. എം. ഇ. എ. സിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചപ്പോള്‍ വരെയുള്ള രംഗരാജന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്.

ഒരാള്‍ അയാളുടെ ജീവിതം പൂര്‍ണ്ണമായി ആസൂത്രണം ചെയ്യുന്നില്ല. അതില്‍ ചിലത് ആസൂത്രണം ചെയ്തതകാം, എന്നാല്‍ ചിലത് തികച്ചും ആകസ്മികമാണ്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സാഹചര്യങ്ങളുടെ പ്രശ്‌നമാണണെന്നും ഡോ. സി. രംഗരാജന്‍ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. 

രാഷ്ട്രീയ സാമ്പത്തിക തത്വശാസ്ത്രത്തിന്റെ കാര്യത്തില്‍ ഡോ. മന്‍മോഹന്‍ സിങ്ങും പി. ചിദംബരവും ഒരേ തരംഗദൈര്‍ഘ്യത്തിലായിരുന്നു. ആഭ്യന്തര ഉത്പാദന സമ്പ്രദായവും അതുപോലെ തന്നെ ബാഹ്യമേഖലയും തുറക്കുക എന്ന അടിസ്ഥാന പ്രശ്നത്തില്‍, അവര്‍ക്കിടയില്‍ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ആശയങ്ങളുടെ അവതരണത്തിന്റെ കാര്യത്തില്‍, അതാത് പശ്ചാത്തലങ്ങളില്‍ നിന്ന് ഒഴുകുന്ന വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് അക്കാദമിക് പശ്ചാത്തലവും മറ്റൊന്ന് അഭിഭാഷക പശ്ചാത്തലവുമാണെന്നും ഡോ. സി. രംഗരാജന്‍ പറയുന്നു.

Tags

Latest News