വിഴിഞ്ഞം തുറമുഖം; സാങ്കേതിക സെമിനാറും സംഗമവും: മുഖ്യമന്ത്രിയും ശശി തരൂരൂം പങ്കെടുക്കും

തിരുവനന്തപുരം- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ സാങ്കേതികത സംബന്ധിച്ച് തുറമുഖ കമ്പനി ചൊവ്വാഴ്ച സെമിനാറും സംഗമവും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം. 

തുറമുഖ സെക്രട്ടറി കെ ബിജു പദ്ധതി വിശദീകരണം നടത്തും. സ്ഥലം എം. പി എന്ന നിലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരും സംഗമത്തില്‍ പ്രഭാഷണം നടത്തുമെന്നാണ് വിവരം.

'വിഴിഞ്ഞം തുറമുഖത്തിന്റെ ആഘാതം സമീപ തീരങ്ങളില്‍- പഠന വെളിച്ചത്തില്‍' എന്ന വിഷയം മുന്‍ ശാസ്ത്രജ്ഞനും എല്‍ ആന്‍ഡ് ടി ഇന്‍ഫ്ര എന്‍ജിനീയറിങ് തുറമുഖ- പരിസ്ഥിതി വിഭാഗം തലവനുമായ പി. ആര്‍. രാജേഷ് അവതരിപ്പിക്കും. 'തീര രൂപവത്കരണത്തിലെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിഴിഞ്ഞം തുറമുഖ വികസനത്തിലുള്ള പ്രാധാന്യം' എന്ന വിഷയം ഇന്‍ഡോമര്‍ കോസ്റ്റല്‍ ഹൈഡ്രോളിക്‌സ് ലിമിറ്റഡ് എം. ഡിയും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി ഓഷ്യന്‍ എന്‍ജിനീയറിങ് വിഭാഗം മുന്‍ തലവനുമായ ഡോ. പി. ചന്ദ്രമോഹന്‍ അവതരിപ്പിക്കും. 'തിരുവനന്തപുരം കടല്‍തീരത്തെ മാറ്റങ്ങള്‍- യഥാര്‍ഥ ഘടകങ്ങളുടെ അടിസ്ഥാനത്തിലെ വിലയിരുത്തല്‍' എന്ന വിഷയത്തില്‍ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മറൈന്‍ ജിയോസയന്‍സ് ഗ്രൂപ്പ് മേധാവി ഡോ. എല്‍. ഷീല നായരും സംസാരിക്കും. 

പാനല്‍ ചര്‍ച്ചയില്‍ ചെന്നൈ ഐ. ഐ. ടി ഓഷ്യന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രഫ. ഡോ. എസ്. എ. സന്നസിരാജ്, ഖരഗ്പുര്‍ ഐ. ഐ. ടിയിലെ ഓഷ്യന്‍ എന്‍ജിനീയറിങ് ആന്‍ഡ് നേവല്‍ ആര്‍ക്കിടെക്ടര്‍ വിഭാഗം പ്രഫ. ഡോ. പ്രസാദ് കുമാര്‍ ഭാസ്‌കരന്‍, ഇ. എസ്. ജി സ്‌പെഷലിസ്റ്റ് സി. വി. സുന്ദരരാജന്‍ എന്നിവര്‍ പങ്കെടുക്കും. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, കെ. എന്‍. ബാലഗോപാല്‍, പി. എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍, ആന്റണി രാജു, ജി. ആര്‍. അനില്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കും.

Latest News