ഭക്ഷണം വാങ്ങാന്‍ പണമില്ല, രണ്ടു വയസ്സുകാരിയെ പിതാവ് കൊന്ന് തടാകത്തില്‍ തള്ളി

ബംഗളൂരു- ഭക്ഷണം വാങ്ങി നല്‍കാന്‍ പണമില്ലാത്തതിനാലാണ് രണ്ടു വയസ്സായ മകളെ കൊലപ്പെടുത്തിയതെന്ന് പിതാവഅ. കര്‍ണാടകയില്‍ രണ്ട് വയസുകാരിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തുകാരനായ രാഹുല്‍ പര്‍മാറാണ് (45) അറസ്റ്റിലായത്. മകള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പണമില്ലാത്തതിനാല്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറയുന്നതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി കോലാര്‍ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുമ്പാണ് ടെകിയായ രാഹുല്‍ ഭാര്യക്കൊപ്പം ബംഗളുരുവില്‍ താമസമാക്കിയത്. ആറു മാസമായി ഇയാള്‍ക്ക് ജോലിയില്ല. കൂടാതെ, ബിറ്റ്‌കോയിന്‍ ബിസിനസില്‍ സാമ്പത്തിക നഷ്ടവും സംഭവിച്ചിരുന്നു. നവംബര്‍ 15 മുതല്‍ ഇയാളെയും മകളെയും കാണാനില്ലായിരുന്നു.
തുടര്‍ന്ന് ഭാര്യ ഭവ്യ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കവെയാണ് കുഞ്ഞിന്റെ മൃതദേഹം തടാകത്തില്‍നിന്ന് ലഭിച്ചത്. കരയില്‍ ഒരു കാര്‍ ഉപേക്ഷിച്ച നിലയിലും ഉണ്ടായിരുന്നു. നാട്ടുകാര്‍ കോലാര്‍ റൂറല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മകളെ കൊന്ന ശേഷം ഇയാള്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നേരത്തെ തന്റെ വീട്ടില്‍ കള്ളന്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം അന്വേഷിച്ച പൊലീസ്, ഇയാള്‍ തന്നെ ആഭരണം എടുത്ത് വിറ്റതാണെന്നും സംഭവം മോഷണമാക്കി തീര്‍ക്കാന്‍ പരാതി നല്‍കിയതാണെന്നും കണ്ടെത്തി

 

Latest News