Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ 

പോളിംഗ് ബൂത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഗോപൂജ നടത്തുന്ന ബി.ജെ.പി സ്ഥാനര്‍ഥി ബി. ശ്രീരാമുലു. 

ബംഗളൂരു- കനത്ത സുരക്ഷയില്‍ കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. നീതിപുര്‍വകമായ വോട്ടെടുപ്പ് ഉറപ്പുവരുത്താന്‍ 1.4 ലക്ഷം പോലീസ്, അര്‍ധസൈനിക ഭടന്മാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഡി.ജി.പി നീലമണി എന്‍. രാജു അറിയിച്ചു.
പ്രശ്‌നബാധിത ബുത്തൂകളുള്ള മംഗളൂരു, മാണ്ഡ്യ, ബംഗളൂരു റൂറല്‍, ഹുബ്ബള്ളി എന്നിവിടങ്ങളില്‍ ധ്രുതകര്‍മ സേനയെ വിന്യസിച്ചു. 12,000 ബൂത്തുകള്‍ അതീവപ്രശ്‌നബാധിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുള്‍പ്പെടെ 21,467 ബൂത്തുകളില്‍ അര്‍ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. 
അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ കൃത്യമായ ഫലസൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്ന വോട്ടെടുപ്പാണ് കര്‍ണാടകയില്‍ നടക്കുന്നത്.  ബംഗളൂരുവിലെ ഫ്‌ളാറ്റില്‍നിന്ന് ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ആര്‍.ആര്‍ നഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കയാണ്. മേയ് 28നായിരിക്കും ഇവിടെ വോട്ടെടുപ്പ്. 
മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിര ബാദാമി മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി ബി.ശ്രീരാമുലു ഗോപൂജക്കു ശേഷമാണ് വോട്ട് ചെയ്യാന്‍ പുറപ്പെട്ടത്. 

അഴിമതി മുതല്‍ വര്‍ഗീയത വരെ വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഉണ്ടാകുന്നതെല്ലാം കര്‍ണാടകയില്‍ സംഭവിച്ചു. സിദ്ധരാമയ്യയുടെ 70 ലക്ഷം രൂപ വിലയുള്ള വാച്ച് മുതല്‍ സോണിയയുടെ ഇറ്റാലിയന്‍ വേരുകള്‍ വരെ, നരേന്ദ്രമോഡിയുടെ വാഗ്ദാന ലംഘനങ്ങള്‍ മുതല്‍ യെദ്യൂരപ്പയുടെ അഴിമതിയും റെഡ്ഡിമാരുടെ കഥകളും വരെ കര്‍ണാടകയെ ഇളക്കിമറിച്ചാണ് പ്രചാരണത്തിന് തിരശ്ശീല വീണത്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗളൂരുവിലെ ഫ്‌ളാറ്റില്‍നിന്ന് ആയിരക്കണക്കിനു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ മുനിരത്‌നയെ പ്രതി ചേര്‍ത്ത് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ചേരിപ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളാണ് പിടിച്ചെടുത്തവയില്‍ ഏറെയും.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു. എം.എല്‍.എ കേസില്‍ പ്രതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ 800 എണ്ണം നൂറു ശതമാനവും യഥാര്‍ഥമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കുറച്ചെണ്ണം 2012 ല്‍ വിതരണം ചെയ്തതുമാണ്. ഐ.പി.സി വകുപ്പുകള്‍, 1951 ലെ ജനപ്രാതിനിധ്യ നിയമം എന്നിവ അടിസ്ഥാനപ്പെടുത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധമില്ലെന്ന് മുനിരത്‌ന ആവര്‍ത്തിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശേഖരിക്കേണ്ട ആവശ്യം തനിക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ഇല്ല. തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതിനായി കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകളും കളര്‍ പ്രിന്ററുകളും കണ്ടെത്തിയതിലൂടെ ഇക്കാര്യമാണു വ്യക്തമാകുന്നത്. മൂന്നു ദിവസമായി നടന്നു വരുന്ന സംഭവങ്ങള്‍ ജനാധിപത്യ വിശ്വാസികളില്‍ ഞെട്ടലുണ്ടാക്കിയതായും അമിത് ഷാ അവകാശപ്പെട്ടു.
224 നിയമസഭാ മണ്ഡലങ്ങളില്‍ 222 ഇടത്താണ് പോളിംഗ് നടക്കുക. ജയനഗറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നേരത്തെ നീട്ടിവെച്ചിരുന്നു. കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ കേവല ഭൂരിപക്ഷം കിട്ടില്ലെന്നും തൂക്കുസഭയായിരിക്കുമെന്നുമാണ് പൊതുവേ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ഇത് ജനതാദള്‍-എസിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അവരുടെ പിന്തുണ ആര്‍ക്കാണോ അവര്‍ കര്‍ണാടക ഭരിക്കുമെന്നാണ് സൂചന.

 

Latest News