ജിസാനുനേരെ വീണ്ടും മിസൈല്‍; സൗദി സേന തകര്‍ത്തു

ജിസാന്‍ - ജിസാനു നേരെ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം. സ്‌കഡ് മിസൈല്‍ ഉപയോഗിച്ച് വെള്ളിയാഴ്ച വൈകീട്ടാണ് ജിസാനില്‍ ആക്രമണത്തിന് ഹൂത്തികള്‍ ശ്രമിച്ചത്. പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് സ്‌കഡ് മിസൈല്‍ സൗദി സൈന്യം തകര്‍ത്തു. മിസൈല്‍ തകര്‍ത്തതു മൂലമുള്ള ഘോര ശബ്ദം കേട്ടതായി പ്രവിശ്യാ നിവാസികള്‍ പറഞ്ഞു. 
അതിനിടെ, യു.എന്‍ തീരുമാനങ്ങളുടെയും യെമന്‍ ദേശീയ സംവാദത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെയും ചട്ടക്കൂടിലല്ലാതെ, യെമനില്‍ രാഷ്ട്രീയ പരിഹാരത്തിന് ഹൂത്തികള്‍ മുന്നോട്ടുവെക്കുന്ന ഒരു പദ്ധതിയും സൗദി അറേബ്യ അംഗീകരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. 

ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനാല്‍ ഹൂത്തികള്‍ക്കുള്ള ഇറാന്‍ പിന്തുണ വരും കാലത്ത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഖ്യസേനയില്‍ പെട്ട രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ യു.എ.ഇയുടെയും യെമന്‍ ഗവണ്‍മെന്റിന്റെയും കാഴ്ചപ്പാടുകളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് ഒരുമിച്ചിരുന്ന് പരിഹാരം കണ്ടിട്ടുണ്ടെന്നും സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
 

Latest News