Sorry, you need to enable JavaScript to visit this website.

വില്ലനായോ എന്ന് സ്വയം സംശയം, തരൂരിനെ നേരിട്ടതില്‍ സതീശന് നഷ്ടം മാത്രം

കൊച്ചി- ശശി തരൂരിനെതിരായ അതിരുകടന്ന വിമര്‍ശനം നഷ്ടപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതിച്ഛായ. കാര്യശേഷിയുള്ള, ഗ്രൂപ്പില്ലാത്ത, നിര്‍ഭയനായ നേതാവെന്ന് പേരെടുത്ത സതീശന്റെ തരൂര്‍ വിരുദ്ധ പരാമര്‍ശം രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. പണ്ട് ട്രെയിനി എന്ന് പേരെടുത്ത് കെ. സുധാകരന്‍ വിശേഷിപ്പിച്ച തരൂരിനെ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ എന്ന് സതീശന്‍ വിളിക്കുന്നത് കേട്ട് കോണ്‍ഗ്രസുകാര്‍പോലും ഞെട്ടിയിരുന്നു.
ഇന്നലെ ഓള്‍ ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്റ്റേറ്റ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവെ എല്ലാ കുറ്റവും മാധ്യമങ്ങള്‍ക്ക് മേല്‍ ചാരിയ സതീശന്‍ തനിക്കുണ്ടായ പിഴവ് തിരിച്ചറിയുന്നുണ്ടെന്ന് വ്യക്തമായി. 'കഥ മെനയുന്നവര്‍ക്ക് ഇപ്പോള്‍ ഞാനാണ് വില്ലന്‍. എല്ലാ കഥകള്‍ക്കും ഒരു വില്ലന്‍ അനിവാര്യമാണ്. ഇത്തണ അതു ഞാനായി- അദ്ദേഹം പറഞ്ഞു.
ശശി തരൂരും താനും ഒരേ വേദിയില്‍ ഇരിക്കുന്നതിലെ ദൃശ്യമാണ് മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യം. പക്ഷെ പരിപാടി ക്രമീകരിച്ചപ്പോള്‍ തരൂരിന് രാവിലെയും തനിക്ക് വൈകുന്നേരവും ആയിപ്പോയി. ഞങ്ങള്‍ നേരില്‍ കണ്ടാല്‍ സംസാരിക്കില്ലെന്ന പൊതുസംസാരമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലെ ലോഞ്ചില്‍ വച്ചും തിരുവനന്തപുരത്തെ പരിപാടിക്ക് എത്തിയപ്പോഴും തരൂരുമായി ദീര്‍ഘനേരം താന്‍ സംസാരിച്ചത് കഥ മെനയുന്നവര്‍ കണ്ടില്ല. എന്നാല്‍ പരിപാടിക്കിടെ ഞങ്ങള്‍ ഇരുദിശയിലേക്കും നോക്കിയിരിക്കുന്നതിന്റെ ചിത്രമെടുത്ത് 'ഇവര്‍ എപ്പോള്‍ മിണ്ടും' എന്ന തലക്കെട്ടോടെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരു മണിക്കൂറിനിടെ ഒന്നില്‍ കൂടുതല്‍ തവണ എങ്ങനെയാണ് അഭിവാദ്യം ചെയ്യുന്നതെന്നും സതീശന്‍ ചോദിച്ചു.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയാണ് അദ്ദേഹം. തരൂരുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. അദ്ദേഹത്തിന്റെ കഴിവിലും പ്രാപ്തിയിലും അസൂയ ഉണ്ടെന്ന് സമ്മതിക്കുന്നില്‍ തനിക്ക് മടിയില്ല. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്ന സംശയം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്നും സതീശന്‍ പറഞ്ഞു. തരൂരുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നവെന്ന സൂചന നല്‍കി സതീശന്‍ പറഞ്ഞു.
അതേസമയം, ശശി തരൂരിനെ പിന്തുണച്ച് യുവ നേതാക്കള്‍ രംഗത്തുവന്നതും ശ്രദ്ധേയമായി. ഹൈബി ഈഡന്‍, മാത്യു കുഴല്‍നാടന്‍, കെ.എസ്. ശബരിനാഥന്‍ എന്നിവരാണ് തരൂരിന് പിന്തുണയുമായി എത്തിയത്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ശശി തരൂരെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തരൂരിനെ കേള്‍ക്കാന്‍ ഒരുപാടു പേര്‍ കാത്തിരിക്കുന്ന സമയമാണെന്നും ഹൈബി അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയിലാണ് യുവ നേതാക്കള്‍ തരൂരിനെ പിന്തുണച്ച് രംഗത്തു വന്നത്. തരൂരിന്റെ കഴിവ് കോണ്‍ഗ്രസ് ഉപയോഗിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരെയും സൈഡ് ബെഞ്ചില്‍ ഇരുത്തരുതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്‍ ആവശ്യപ്പെട്ടത്. തരൂരിനെക്കുറിച്ച് ജനത്തിന് ബോധ്യമുണ്ട്. നെഹ്റുവിനെയും അംബേദ്കറെയും കുറിച്ച് പുസ്തകമെഴുതിയ ഏക നേതാവാണ് തരൂരെന്നും ശബരീനാഥന്‍ ഓര്‍മ്മിപ്പിച്ചു.
ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെടുത്തിക്കൊണ്ടു തന്നെയായിരുന്നു മാത്യു കുഴല്‍നാടന്റെയും പരാമര്‍ശം. ഫുട്ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍ ആകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസില്‍ ഒട്ടേറെ ഫോര്‍വേഡുകളുണ്ട്. പക്ഷെ ഗോളി ശരിയല്ലെങ്കില്‍ കളി തോല്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നമ്മുടെ ഗോളി. അവരെ നിരാശപ്പെടുത്തുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

 

Latest News