റിയാദ്- റിയാദ് സീസണിന്റെ ഭാഗമായി കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ ഫാന്‍ ഫെസ്റ്റിവലില്‍ ഇപ്പോഴും അടങ്ങാത്ത ഫുട്‌ബോള്‍ ആരവം. സൗദി അറേബ്യ പോളണ്ടിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടിട്ടും ഫാന്‍ ഫെസ്റ്റിവലില്‍ ആളൊഴിഞ്ഞിട്ടില്ല. കൂറ്റന്‍ സ്‌ക്രീനുകളും ഫുട്‌ബോള്‍ ഷോകളും സംഗീത കച്ചേരിയുമൊക്കെയായി സന്ദര്‍ശകരെ ലോക കപ്പ് ഗ്രൗണ്ടിലെന്ന പോലെ ആനന്ദത്തിലാക്കുന്നതാണ് ഫാന്‍ ഫെസ്റ്റിവല്‍ വേദി. സൗദി-പോളണ്ട് മത്സരം കാണാന്‍ ഇവിടെ സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു.
ക്രൊയേഷ്യ-കാനഡ, ജപ്പാന്‍-കോസ്റ്ററിക്ക, സ്‌പെയിന്‍-ജര്‍മ്മനി, ബെല്‍ജിയം-മൊറോക്കോ മത്സരങ്ങളും തത്സമയ പ്രദര്‍ശനം കാണാന്‍ നിരവധി പേരെത്തി.
അന്താരാഷ്ട്ര റെസ്‌റ്റോറന്റ് ബ്രാന്‍ഡുകളും കോഫി ഷോപ്പുകളും ഫിഫ, ഫോര്‍ട്ട്‌നൈറ്റ്, ടെക്കന്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് ഗെയിമുകളും ഇവിടെയുണ്ട്. ന്യൂകാസില്‍ ക്ലബ്ബിന്റെ ചരിത്ര പാതകളും മെറഡോണയുടെ മുന്നേറ്റ കഥകളും ഇവിടെ പ്രദര്‍ശിപ്പിച്ചുവരുന്നു.
അതേസമയം ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ തത്സമയ സംപ്രേഷണം സൗദി അറേബ്യയില്‍ നിര്‍ത്തിവെച്ചതായി വ്യാപക പ്രചാരണമുണ്ട്. എന്നാല്‍ സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ ബിഎന്‍ സ്‌പോര്‍ട്‌സിന്റെ ടോഡ് ഡോട്ട് ടിവിയുടെ വെബ് പേജ് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായിട്ടുള്ളത്. ലോകകപ്പിന്റെ തത്സമയ സംപ്രേഷണം സൗദി അറേബ്യയില്‍ എല്ലായിടത്തും ലഭിക്കുന്നുമുണ്ട്. സൗദി അറേബ്യക്ക് പുറത്തുള്ള മാധ്യമങ്ങളാണ് സൗദിയില്‍ ഫുട്‌ബോള്‍ തത്സമയ സംപ്രേഷണം നിര്‍ത്തിവെച്ചതായി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.






