പൊതുമാപ്പിനുശേഷം സൗദിയില്‍  പിടിയിലായത് പത്തര ലക്ഷം വിദേശികള്‍

റിയാദ് - ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിന് അനുവദിച്ച പൊതുമാപ്പ് അവസാനിച്ചതിനുശേഷം സൗദിയില്‍ പിടിയിലായത് പത്തര ലക്ഷത്തിലേറെ വിദേശികള്‍. നവംബര്‍ 15 മുതല്‍ കഴിഞ്ഞയാഴ്ച വരെ സുരക്ഷാ വകുപ്പുകള്‍ രാജ്യമൊട്ടുക്കും നടത്തിയ റെയ്ഡുകളില്‍ 10,59,888 നിയമ ലംഘകര്‍ പിടിയിലായതായി ജവാസാത്ത് അധികൃതര്‍ വെളിപ്പെടുത്തി. 
ഈജിപ്തുകാര്‍ക്ക് പ്രത്യേകമായി നീട്ടിനല്‍കിയ പൊതുമാപ്പ് ഇന്ന് അവസാനിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ രാജ്യം വിടുന്നതിന് ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നവംബര്‍ 14 ന് അവസാനിച്ചിരുന്നു. എന്നാല്‍ ഈജിപ്തുകാര്‍ക്കു മാത്രം ഇത് നീട്ടിനല്‍കുകയായിരുന്നു. പൊതുമാപ്പ് പ്രഖ്യാപിച്ച 2017 മാര്‍ച്ച് 19 നു മുമ്പ് ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം നല്‍കിയത്. ഇതിനു ശേഷം നിയമം ലംഘിച്ചവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. 
പൊതുമാപ്പ് കാലത്ത് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടിയിട്ടും രാജ്യം വിടാതെ അനധികൃത താമസം തുടര്‍ന്ന് സുരക്ഷാ വകുപ്പുകളുടെ പിടിയിലാകുന്ന നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.  

Latest News