Sorry, you need to enable JavaScript to visit this website.

അനന്തപുരിയിലെ സിനിമാക്കാഴ്ചകള്‍ക്ക് ഇനി രാജ്യാന്തര സൗകര്യങ്ങള്‍

തിരുവനന്തപുരം- തലസ്ഥാനത്തെ സിനിമാ ആസ്വാദകര്‍ക്ക് സന്തോഷ വാര്‍ത്ത.  ഇനിമുതല്‍ ത്രീഡി, ഫോര്‍ ഡി ദൃശ്യങ്ങള്‍ തിയറ്ററുകളില്‍ നിറയും. ഐ മാക്‌സ് തിയേറ്ററുള്‍പ്പെടെ ലോകോത്തര നിലവാരമുള്ള 12 സ്‌ക്രീനുകളും 1739 സീറ്റുകളുമായി പി.വി.ആര്‍. ലുലു മാളില്‍ ഡിസംബര്‍ ആദ്യ ആഴ്ചയില്‍ പ്രദര്‍ശനം തുടങ്ങും.

ആഡംബര സംവിധാനങ്ങളുള്ള രണ്ട് ലക്‌സ് സ്‌ക്രീനുകളും ഒരു 4ഡി മാക്‌സ് സ്‌ക്രീനും ഉള്‍പ്പെടെയാണ് ഒരുക്കിയിരിക്കുന്നത്. ഐ മാക്‌സില്‍ മാത്രം 278 സീറ്റുകളുണ്ട്. 4 ഡി മാക്‌സില്‍ 80 സീറ്റും രണ്ട് ലക്‌സ് തിയേറ്ററുകളിലായി 96 സീറ്റുകളുമുണ്ട്. 107 മുതല്‍ 250 വരെ ഇരിപ്പിടങ്ങളുള്ളവയാണ് മറ്റ് എട്ട് തിയേറ്ററുകള്‍. കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്‌ളെക്‌സാണ് പി.വി.ആറില്‍ ആരംഭിക്കുന്നത്. ഐ മാക്‌സ് ഒഴികെയുള്ള തിയേറ്ററുകള്‍ ഡിസംബര്‍ രണ്ടാംതീയതിയും ഐ മാക്‌സ് ഡിസംബര്‍ അഞ്ചിനും പ്രദര്‍ശനം തുടങ്ങും. ഗോള്‍ഡ്, ടീച്ചര്‍ എന്നീ സിനിമകളാകും ആദ്യം റിലീസ് ചെയ്യുക. ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 ഐ മാക്‌സിലൂടെയാകും തലസ്ഥാനത്ത് പ്രദര്‍ശനം ആരംഭിക്കുകയെന്നാണ് സൂചന. എല്ലാ സ്‌ക്രീനുകളിലും അവസാനനിരയില്‍ റിക്ലൈന്‍ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രാജ്യാന്തര നിലവാരമുള്ള അള്‍ട്രാഹൈ റെസല്യൂഷന്‍ 2 കെ. ആര്‍.ജി.ബി. പ്ലസ് ലേസര്‍ പ്രൊജക്ടറുള്ള കേരളത്തിലെ ആദ്യത്തെ സൂപ്പര്‍പ്‌ളെക്‌സാണ് പി.വി.ആര്‍. ലക്‌സ്. ഡോള്‍ബി 7.1 ഇമ്മേഴ്‌സീവ് ഓഡിയോയും നെക്സ്റ്റ്‌ജെന്‍ 3 ഡി സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്. ന്യൂഡല്‍ഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിനുശേഷം രാജ്യത്തെ നാലാമത്തെ പി.വി.ആര്‍. സൂപ്പര്‍പ്‌ളെക്‌സാണ് തിരുവനന്തപുരത്തേത്.

ഫ്‌ളോട്ടിങ് ഐലന്‍ഡ് ഇഫക്ടാണ് തിയേറ്ററിന് പുറത്തൊരുക്കിയിരിക്കുന്നത്. ഓഡിറ്റോറിയങ്ങളുടെ പാര്‍ശ്വഭിത്തികള്‍ വി (ഢ) മാതൃകയിലാണ്. ഐ മാക്‌സ്, ലക്‌സ്, വിഭാഗങ്ങളില്‍ പ്രത്യേക വ്യക്തിഗത ലോഞ്ചുകളും ഉണ്ട്. പി.വി.ആറിന് ഇന്ത്യയിലും ശ്രീലങ്കയിലുമായി 76 നഗരങ്ങളിലായി 876 സ്‌ക്രീനുകളുണ്ട്.

സാധാരണ തിയേറ്ററുകളിലുള്ളതിനേക്കാള്‍ വലിപ്പമുള്ള സ്‌ക്രീനാണ് ഉപയോഗിക്കുന്നത്. 300 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്ക്.

 

Latest News