Sorry, you need to enable JavaScript to visit this website.

മഴക്കെടുതി; ഡെങ്കിപ്പനി ഭീഷണിയില്‍ ജിദ്ദ, നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നു

ജിദ്ദ - വ്യാഴാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ട പല റോഡുകളും സാധാരണ നിലയിലായെങ്കിലും ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വെള്ളം കെട്ടിനില്‍ക്കുന്ന പല ഭാഗങ്ങളിലും നഗരസഭയുടെ നേതൃത്വത്തില്‍ മരുന്ന് തെളിക്കല്‍ തുടങ്ങി. മരുന്ന് തെളിക്കല്‍ നഗരസഭയുടെ പദ്ധതികളില്‍ പെട്ടതാണെന്ന് വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു.
എല്ലാ ഡ്രൈനേജ് പദ്ധതികളും നഗരസഭ വിലയിരുത്തുമെന്നും വീഴ്ചകളുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും വെളളം ഒഴിഞ്ഞുപോകാത്തതാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നഷ്ടപരിഹാരം നല്‍കുന്നതിന്റെ മുന്നോടിയായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന സമിതി പ്രവര്‍ത്തനം തുടങ്ങി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങളാണ് ആദ്യം സമിതി വിലയിരുത്തുന്നത്. അജാവീദ് ഏരിയയിലാണ് സമിതി വിലയിരുത്തല്‍ തുടങ്ങിയത്. നഷ്ടങ്ങള്‍ നേരിട്ടവര്‍ ആവശ്യമായ രേഖകളുമായി നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണം. 2009ലെ മഴക്കെടുതിയിലെ നഷ്ടപരിഹാര രീതി തന്നെയാണ് ഇപ്രാവശ്യവും അവലംബിക്കുകയെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.
അജാവീദ് ഏരിയയില്‍ കേടായ കാറുകളും മറ്റും റോഡുകളില്‍ നിന്ന നീക്കിയിട്ടുണ്ട്. റോഡുകള്‍ വൈകാതെ തുറക്കും. പലയിടങ്ങളിലും ഇപ്പോഴും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. അല്‍നഹ്ദ, അല്‍നുസ്ഹ, അല്‍ഹറമൈന്‍, അല്‍മര്‍വ എന്നിവിടങ്ങളില്‍ ഇപ്പോഴും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല. െ്രെഡനേജുകളില്‍ നിന്നുള്ള മാലിന്യകൂമ്പാരം പലയിടങ്ങളിലുമുണ്ട്. മിക്ക സ്ഥലങ്ങളിലും ദുര്‍ഗന്ധവുമുണ്ട്. പല സിഗ്‌നലുകളും പ്രവര്‍ത്തനരഹിതമാണ്. വര്‍ക്ക്ഷാപ്പുകളിലും ഇലക്ട്രിക്, പ്ലംബിംഗ് കടകളിലും നല്ല തിരക്കാണ്.

 

Latest News