Sorry, you need to enable JavaScript to visit this website.

തരൂരിനെ അംഗീകരിക്കണം; കൂടെ നിൽക്കുന്നവരേയല്ല എതിരാളികളെയാണ് ഫൗൾ ചെയ്യേണ്ടതെന്നും യുവനേതാക്കൾ

കൊച്ചി - കോൺഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് യുവ കോൺഗ്രസ് നേതാക്കൾ. ഹൈബി ഈഡൻ എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ് ശബരിനാഥൻ എന്നിവരാണ് കൊച്ചിയിലെ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് വേദിയിൽ ശശി തരൂരിന്റെ നീക്കങ്ങൾക്ക് നിറഞ്ഞ കൈയടി നൽകിയത്.
 കോൺഗ്രസിന്റെ യഥാർത്ഥ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ശശി തരൂരെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തരൂരിനെ കേൾക്കാൻ ഒരുപാട് പേർ കാത്തിരിക്കുന്ന സമയമാണിത്. താൻ വിദേശത്ത് പോയപ്പോൾ ഇന്ത്യയിൽനിന്നാണെന്നു പറഞ്ഞപ്പോൾ ഒരു കേന്ദ്രമന്ത്രി ആദ്യം ചോദിച്ചത് തരൂരിനെ കുറിച്ചാണെന്നും തരൂരിന്റെ കഴിവ് കോൺഗ്രസ് ഉപയോഗിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു. 
 കോൺഗ്രസ് ആരെയും സൈഡ് ബെഞ്ചിൽ ഇരുത്തരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ ആവശ്യപ്പെട്ടു. തരൂരിനെക്കുറിച്ച് ജനങ്ങൽക്ക് ബോധ്യമുണ്ട്. നെഹ്‌റുവിനെയും അംബേദ്കറെയും കുറിച്ച് പുസ്തകമെഴുതിയ ഏക നേതാവാണ് തരൂരെന്നും അദ്ദേഹം പറഞ്ഞു. 
 ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെടുത്തിയായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എയുടെ പരാമർശം. ഫുട്ബാളിൽ ഗോൾ അടിക്കുന്നവരാണ് എന്നും സ്റ്റാർ. കോൺഗ്രസിൽ ഒട്ടേറെ ഫോർവേഡുകളുണ്ട്. പക്ഷെ, ഗോളി ശരിയല്ലെങ്കിൽ കളി തോൽക്കും. കോൺഗ്രസ് പ്രവർത്തകരാണ് നമ്മുടെ ഗോളി. അവരെ നിരാശപ്പെടുത്തുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. മാറ്റങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോകണം. ഇതിനിടയിൽ ഫൗൾ ചെയ്യുന്നവരുണ്ടാവും. എതിരാളികൾക്ക് എതിരെയാണ് ഫൗൾ ചെയ്യേണ്ടത്, അതല്ലാതെ കൂടെയുള്ളവരെയല്ല. ഗോളിയെ നിരാശപ്പെടുത്തരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും മാത്യു കുഴൽനാടൻ ഓർമിപ്പിച്ചു.

Latest News