മക്ക - ഈ വർഷത്തെ ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള നിരക്കുകൾ ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. ഏറ്റവും കൂടിയ നിരക്ക് 11,905 റിയാലും. മിനായിലെ മലമുകളിൽ നിർമിച്ച ബഹുനില കെട്ടിടങ്ങളിൽ താമസം ലഭിക്കുന്നവരാണ് ഏറ്റവും ഉയർന്ന നിരക്ക് അടയ്‌ക്കേണ്ടത്. ജനറൽ വിഭാഗത്തിൽ ആദ്യ കാറ്റഗറിയിൽ ജംറയിൽനിന്ന് തമ്പുകളിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ 7,561, 7,661, 7,786, 7,911, 8,036, 8,099, 8,166 റിയാൽ തോതിലും രണ്ടാം കാറ്റഗറിയിൽ 7,410, 7,535, 7,660, 7,785, 7,848, 7,910 റിയാൽ തോതിലും മൂന്നാം കാറ്റഗറിയിൽ 6,608, 6,733, 6,858, 6,983, 7,046, 7,108 റിയാൽ തോതിലുമാണ് നിരക്ക്. റമദാൻ പതിനഞ്ചു മുതൽ തങ്ങൾക്ക് അനുയോജ്യമായ നിരക്കുകളിലുള്ള കാറ്റഗറികളും പാക്കേജുകളും ഇ-ട്രാക്ക് വഴി തെരഞ്ഞെടുക്കുന്നതിനും ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതിനും തീർഥാടകർക്ക് സൗകര്യമുണ്ടാകും. ദുൽഖഅദ് ഒന്നു മുതലാണ് ലഭ്യമായ കാറ്റഗറികളിലും പാക്കേജുകളിലും രജിസ്‌ട്രേഷൻ ആരംഭിക്കുക.
പണമടക്കുന്നതിനു മുമ്പായി ഹജ് ബുക്കിംഗ് റദ്ദാക്കുന്നവർ പ്രത്യേക ഫീസ് നൽകേണ്ടതില്ല. എന്നാൽ വ്യവസ്ഥകൾ പൂർണമല്ലാത്തതിനാൽ ആഭ്യന്തര മന്ത്രാലയം ഹജ് അനുമതി പത്രം നിഷേധിച്ച ശേഷം ബുക്കിംഗ് റദ്ദാക്കുന്നവർ 26.5 റിയാൽ നൽകേണ്ടിവരും. ദുൽഹജ് ഒന്നു വരെയുള്ള കാലത്ത് തെരഞ്ഞെടുത്ത ഹജ് പാക്കേജ് പ്രകാരമുള്ള പണം അടച്ച്, ഹജ് അനുമതി പത്രം പ്രിന്റ് ചെയ്യുന്നതിനു മുമ്പായി രജിസ്‌ട്രേഷൻ റദ്ദാക്കുന്നവർ 68.25 റിയാൽ നൽകേണ്ടിവരും.
ദുൽഹജ് രണ്ടിന് ബുക്കിംഗ് റദ്ദാക്കുന്നവരിൽനിന്ന് അവർ അടച്ച ഹജ് നിരക്കിന്റെ 30 ശതമാനവും ദുൽഹജ് മൂന്നിന് റദ്ദാക്കുന്നവരിൽനിന്ന് 40 ശതമാനവും നാലിന് റദ്ദാക്കുന്നവരിൽ നിന്ന് 50 ശതമാനവും അഞ്ചിന് റദ്ദാക്കുന്നവരിൽനിന്ന് 60 ശതമാനവും ആറിന് റദ്ദാക്കുന്നവരിൽനിന്ന് 70 ശതമാനവും വെട്ടിക്കുറക്കും. ദുൽഹജ് ഏഴിന് ബുക്കിംഗ് റദ്ദാക്കുന്നവർക്ക് അവർ അടച്ച പണത്തിൽനിന്ന് ഒന്നും തന്നെ തിരികെ ലഭിക്കില്ല. ഇതിനു പുറമെ ഓൺലൈൻ സേവന ഫീസ് ഇനത്തിൽ 68.25 റിയാലും ബാങ്ക് ട്രാൻസ്ഫർ ഫീസ് ആയി 7.35 റിയാലും ഇവർ അടയ്‌ക്കേണ്ടിവരും.
ഏറ്റവും കുറഞ്ഞ നിരക്കിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന അൽമുയസ്സർ പാക്കേജിൽ പതിനായിരം സീറ്റുകളാണ് നീക്കിവെച്ചിരിക്കുന്നത്. ഇവർക്ക് പുണ്യസ്ഥലങ്ങൾക്കു സമീപമുള്ള ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങളിലാണ് താമസസൗകര്യം നൽകുക. ദുൽഹജ് പതിനൊന്നു മുതൽ പതിമൂന്നു വരെയുള്ള ദിവസങ്ങളിൽ മാത്രം ഇവർക്ക് മശാഇർ മെട്രോ സേവനവും ലഭിക്കും. മറ്റു ദിവസങ്ങളിൽ ഇവർക്ക് ബസുകളിലാണ് യാത്രാ സൗകര്യം ലഭിക്കുക. ഹജ്, ഉംറ മന്ത്രാലയം അനുവദിച്ച തമ്പ് മാറ്റിനൽകണമെന്ന് ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും ആവശ്യപ്പെടുന്നപക്ഷം അടുത്ത വർഷത്തെ ഹജിന് തമ്പുകൾ അനുവദിക്കുമ്പോൾ പരിഗണിക്കുന്ന മൂല്യനിർണയത്തിൽ ഒരു പോയിന്റ് കുറക്കും.