കൊല്‍ക്കത്ത- വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്ന യോഗഗുരു ബാബാ രാംദേവിന്റെ വിവാദ പ്രസ്താവനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര രംഗത്ത്. തലച്ചോറിന്റെ പ്രശ്നംമൂലം രാംദേവിന്റെ കാഴ്ച ശരിയായ രീതിയിലല്ലെന്ന് മഹുവ പരിഹസിച്ചു.
2011 ല്‍ രാംലീല മൈതാനത്തുനിന്നു രാംദേവ് സ്ത്രീവേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് എന്തിനാണെന്ന് തനിക്ക് മനസ്സിലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2011 ജൂണില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ രാംദേവ് രാംലീല മൈതാനത്ത് സത്യഗ്രഹമിരുന്നിരുന്നു. സത്യഗ്രഹവേദിയിലേക്ക് പോലീസെത്തിയപ്പോള്‍ ചുരിദാറും ദുപ്പട്ടയും ധരിച്ച് രാംദേവ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ പരിഹാസം.
'സ്ത്രീവേഷത്തില്‍ പതഞ്ജലി ബാബ രാംലീല മൈതാനത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകും. അദ്ദേഹത്തിന് സാരിയും സല്‍വാറും മറ്റു ചിലതും ഇഷ്ടമാണ്. തലച്ചോറിന് തകരാറുള്ള അദ്ദേഹം കാണുന്നതെല്ലാം ചെരിഞ്ഞിരിക്കുന്നു'- ഇതായിരുന്നു മഹുവയുടെ ട്വീറ്റ്.
പതഞ്ജലി യോഗപീഠവും മുംബൈ മഹിളാ പതഞ്ജലി യോഗസമിതിയും സംയുക്തമായി വെള്ളിയാഴ്ച താനെയില്‍ നടത്തിയ യോഗ ക്യാമ്പിലായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം.