കൊച്ചി - മലബാർ സന്ദർശനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പാർട്ടി നേതാക്കളിൽ ആരോടും തനിക്ക് അമർഷമില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ആരെയും ഞാൻ കുറ്റം പറഞ്ഞിട്ടില്ല. നേതാക്കളുമായി സംസാരിക്കാൻ ബുദ്ധിമുട്ടില്ലെന്നും കോൺഗ്രസിന്റെ നന്മക്കു വേണ്ടിയാണ് എല്ലാ ഇടപെടലുകളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താനൊരു വിവാദവും ഉണ്ടാക്കിയിട്ടില്ല. എല്ലാ പരിപാടികളും ഡി.സി.സിയോട് ആലോചിച്ചാണ് നടത്തുന്നത്. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾ പാർട്ടിയെ അറിയിക്കാറില്ല. അതിന്റെ ആവശ്യവുമില്ല. വിവാദങ്ങളിൽ കെ.പി.സി.സി അച്ചടക്ക സമിതി ഇതുവരെ ഇടപെട്ടിട്ടില്ല. ആരോഗ്യ കാരണങ്ങളാലാണ് കൊച്ചിയിലെ പ്രഫഷണൽ കോൺഗ്രസ് കോൺക്ലേവ് പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പങ്കെടുക്കാത്തത്. എന്നാൽ, ഓൺലൈനിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. കോൺക്ലേവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കാണാൻ പറ്റിയാൽ കാണുമെന്നും തങ്ങളാരും പരസ്പരം കണ്ടാൽ മിണ്ടാതിരിക്കാൻ കെ.ജി കുട്ടികളെ പോലെ അല്ലല്ലോയെന്നും ചോദ്യങ്ങളോടായി അദ്ദേഹം പ്രതികരിച്ചു.