ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു

അഹമ്മദാബാദ് - ഗുജറാത്തിലെ പോര്‍ബന്തറില്‍ സഹജവാന്റെ വെടിയേറ്റ് രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ എ.കെ 56 തോക്കുപയോഗിച്ച്  സഹപ്രവര്‍ത്തകരെ വെടിവെക്കുകയായിരുന്നു.

മണിപ്പുരില്‍നിന്നുള്ള ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ഭാഗമായ ജവാന്‍മാര്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത് ആണെന്ന് പോര്‍ബന്തര്‍ കലക്ടറും തിരഞ്ഞെടുപ്പ് ഓഫിസറുമായ എ.എം.ശര്‍മ പറഞ്ഞു.

സംഘര്‍ഷത്തിനു പിന്നിലെ കാരണം വ്യക്തമല്ല. വെടിയേറ്റ് രണ്ട് ജവാന്‍മാര്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റവര്‍ 150 കിലോമീറ്റര്‍ അകലെയുള്ള ജംനാനഗറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ വയറ്റിലും മറ്റൊരാളുടെ കാലിലുമാണ് വെടിയേറ്റത് -കലക്ടര്‍ പറഞ്ഞു.

 

Latest News