ത്വക്ക് അര്‍ബുദത്തിനെതിരെയുള്ള ഫോട്ടോ ഷൂട്ടില്‍ 2500 പേര്‍ നഗ്നരായി പങ്കെടുത്തു

സിഡ്നി- ത്വക്ക് അര്‍ബുദത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ഓസ്ട്രേലിയയില്‍ സിഡ്‌നി ബോണ്ടി ബീച്ചില്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തി. 2500 പേര്‍ വിവസ്ത്രരായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ത്വക്ക് അര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് പിന്തുണ നല്‍കിയാണ് ഇത്രയും പേര്‍ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്തത്. 

യു. എസ് ഫോട്ടോഗ്രഫറായ സ്പെന്‍സര്‍ ട്യൂനിക്കാണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. ഇത്തരത്തില്‍ നഗ്‌ന ഫോട്ടോ ഷൂട്ടുകള്‍ നടത്തി ലോകശ്രദ്ധയാകര്‍ഷിച്ച ഫോട്ടോഗ്രഫറാണ് ട്യൂനിക്ക്.

അര്‍ബുദത്തിനായുള്ള ബോധവല്‍ക്കരണ ഷൂട്ടിന് പോസ് ചെയ്യാന്‍ നേരത്തെ തന്നെ തയ്യാറായി വന്നവരും ബീച്ചില്‍ കുളിക്കാന്‍ വന്നവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മെഗാഫോണ്‍ ഉപയോഗിച്ച് കടലില്‍ കുളിക്കാന്‍ വന്നവരെയും കൂടി ഫോട്ടോ ഷൂട്ടിനായി ട്യൂനിക്ക് ക്ഷണിക്കുകയായിരുന്നു. 

ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്യൂനിക്ക് മെലനോമ (ത്വക്ക് അര്‍ബുദം)യ്ക്കെതിരെ പോരാടുന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്. ഓസ്ട്രേലിയയില്‍ പൊതുവായി കണ്ടുവരുന്ന അര്‍ബുദങ്ങളില്‍ നാലാം സ്ഥാനത്താണ് മെലോനമ. ഈ വര്‍ഷം തന്നെ 17,756 പുതിയ ത്വക്ക് അര്‍ബുദ രോഗികളെയാണ് ഓസ്ട്രേലിയയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ കണക്കില്‍ പറയുന്നു. 1281ഓളം രോഗികള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News