ഇഖാമ, തൊഴില്‍ നിയമലംഘകരെ സഹായിച്ചു, സൗദിയില്‍ 25 പേര്‍ അറസ്റ്റില്‍

റിയാദ് - ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസ, യാത്രാ സൗകര്യങ്ങളും നല്‍കിയ 25 പേരെ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 17 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഒരാഴ്ചക്കിടെ 15,713 നിയമലംഘകര്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. 9,131 പേര്‍ ഇഖാമ നിയമ ലംഘകരും 4,166 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,415 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി നുഴഞ്ഞുകയറുന്നതിനിടെ 439 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.  78 ശതമാനം പേര്‍ യെമനികളും 16 ശതമാനം പേര്‍ എത്യോപ്യക്കാരും ആറു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 37 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.
വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 53,269 പേര്‍ക്കെതിരെ നിലവില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 4,561 പേര്‍ വനിതകളും 49,068 പേര്‍ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 42,513 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാനും 2,091 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 11,031 നിയമ ലംഘകരെ സൗദിയില്‍നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News