Sorry, you need to enable JavaScript to visit this website.

മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല; സാദിഖലി ശിഹാബ് തങ്ങള്‍ ഫുട്‌ബോള്‍ തട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്ത് കെ.ടി. ജലീല്‍

കോഴിക്കോട്- ഫുട്‌ബോളിന്റെ പേരില്‍ സമസ്ത അഴിച്ചുവിട്ട വിവാദത്തില്‍ പ്രതികരിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല.
ജനങ്ങളെ പലതിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്.  അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും പ്രോത്സഹിപ്പിക്കപ്പെടേണ്ടണ്ടതാണെന്ന് ജലീല്‍ പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫുട്‌ബോള്‍ തട്ടുന്ന വീഡിയോ അടക്കമാണ് ജലീലിന്റെ പോസ്റ്റ്.

കുറിപ്പ് വായിക്കാം..

ദേശഭാഷാസംസ്‌കാര വ്യത്യാസമില്ലാതെ ലോകം കാല്‍പ്പന്തു കളിയില്‍ ആരവം തീര്‍ക്കുന്ന കാഴ്ച മനോഹരമാണ്. വിയോജിപ്പും വിദ്വേഷവും വെടിഞ്ഞ് എണ്ണൂറു കോടി ജനങ്ങള്‍ കണ്ണും കാതും ഒരേ ദിശയിലേക്ക് കൂര്‍പ്പിച്ചിരിക്കുന്ന ദൃശ്യം മാനവിക യോജിപ്പാണ് വിളംബരം ചെയ്യുന്നത്.
ദേശാതിര്‍ത്തികള്‍ മറന്ന് മനുഷ്യര്‍ ദേശീയ പതാകകള്‍ ഏന്തുകയും ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന അനുഭവം അത്യന്തം ആവേശകരമാണ്. സങ്കുചിത ദേശീയതയുടെ മതില്‍കെട്ടുകളാണ് ഫുട്‌ബോള്‍ ആരാധകര്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നത്.
സാമ്രാജ്യത്വത്തിന്റെ പഴങ്കഥകള്‍ പൊടിതട്ടിയെടുത്ത് ജനമനസ്സുകളില്‍ അകല്‍ച്ച പടര്‍ത്താനല്ല ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. മാനവിക ഐക്യത്തിന്റെ സന്ദേശ പ്രചാരണത്തിന്റെ സാദ്ധ്യതകളെ കുറിച്ചാണ് നാം ഒരുമയോടെ ആരായേണ്ടത്.
ധൂര്‍ത്തിന്റെ പേരിലാണ് ഫുട്‌ബോള്‍ ഭ്രമത്തെ ചിലര്‍ വിമര്‍ശിക്കുന്നത്. അങ്ങിനെയെങ്കില്‍ വിവാഹ ധൂര്‍ത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമര്‍ശന പരിതിയില്‍ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ? സമ്മേളന മാമാങ്കങ്ങളിലും നേര്‍ച്ചകളിലും ഉല്‍സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലങ്കൃതമായ കമാനങ്ങളും സംവിധാനങ്ങളും ആര്‍ഭാടത്തിന്റെ ഗണത്തില്‍ തന്നെയല്ലേ ഉള്‍പ്പെടുക?  
ഫുട്‌ബോളിന്റ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' ന്യായമാകുന്നതിലെ 'യുക്തി'ദുരൂഹമാണ്. നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ല.
മക്കയുടെയും മദീനയുടെയും സൂക്ഷിപ്പുകാരായ രാഷ്ട്രവും ജനതയും കാല്‍പ്പന്തു കളിയില്‍ കാണിക്കുന്ന ആവേശം ആഹ്ലാദകരമാണ്. മതവിലക്കുകള്‍ ഏറെ നിലനില്‍ക്കുന്ന ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഫുട്‌ബോളും സിനിമയും ജനങ്ങള്‍ക്കേകുന്ന സന്തോഷം ചെറുതല്ല.
ദൈവം ഭയമല്ല. മതം ഭയപ്പാടുമല്ല. പടച്ചവന്‍ സ്‌നേഹമാണ്. വിശ്വാസം സന്തോഷമാണ്. ആത്മീയത മനുഷ്യരുടെ ആത്മ നിര്‍വൃതിക്കാണ്. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാന്‍ ആര്‍ക്കെന്തവകാശം? ദയവു ചെയ്ത് മനുഷ്യരെ വെറുതെ വിടുക. അവര്‍ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ആമോദിച്ചും ജീവിക്കട്ടെ. ഒരു ജീവിതമല്ലേ ഉള്ളൂ.
(പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫുട്‌ബോള്‍ ആവേശം പ്രതിഫലിപ്പിക്കുന്ന വീഡിയോയാണ് താഴെ)

 

Latest News