Sorry, you need to enable JavaScript to visit this website.

മെഗാ ഒപ്പന റെക്കോർഡിലേക്ക്‌; പുതുമണവാട്ടിയായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കണ്ണൂർ ആയിക്കരയിൽ നടന്ന മെഗാ ഒപ്പനയിൽ നിന്ന്. ഇൻസെറ്റിൽ: പുതുമണവാട്ടിയായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ. 

കണ്ണൂർ - കണ്ണൂർ സിറ്റി ഫെസ്റ്റിൽ അവതരിപ്പിച്ച, ആയിരങ്ങൾ പങ്കെടുത്ത മെഗാ ഒപ്പന റെക്കോർഡിലേക്ക്. ആറു വയസ്സുകാരിമുതൽ അറുപതുകാരി വരെ പങ്കെടുത്ത മെഗാ ഒപ്പന കണ്ണൂരിനു പ്രത്യേക വിരുന്നായി. 
അറബിക്കടലിനോട് കിന്നാരം പറയുന്ന കണ്ണൂർ മാപ്പിളബേ ഹാർബറിൽ കിനാവിന്റെ കസവു തട്ടവും മൈലാഞ്ചി മൊഞ്ചുമായി മണവാട്ടിമാർ അണിനിരന്നു. പുതു നാരിയുടെ പുതുക്ക നാണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യയും. റങ്കുള്ള പാട്ടിന്റെ ഈണത്തിൽ ഇവർ ചുവടുവെച്ചപ്പോൾ അത് ചരിത്ര മുഹൂർത്തമായി. രണ്ടാം ക്ലാസുകാരി സൻഹ മുതൽ അറുപതുകാരിയായ ഗൗരി വരെ ഈ ഒപ്പനയിൽ പങ്കാളികളായി. ''കണ്ണൂരിൽ മിന്നിടും സൗഹാർദ്ദ പൂമാല, അറക്കലും ചിറക്കലും അരിമുല്ല മണം ചൊരിഞ്ഞിടും'' എന്നാരംഭിക്കുന്ന ഗാനത്തിന് ഇവർ ഒരു മിച്ച് ചുവടുവെച്ചു. അറക്കൽ രാജവംശത്തിന്റെയും ചിറക്കൽ രാജവംശത്തിന്റെയും ഓർമ്മകൾ കോർത്തു വെച്ച, മാനവികതയുടെ സന്ദേശം വിളിച്ചോതുന്ന ഒപ്പനപ്പാട്ടിന്റെ വരികൾ തീർത്തത് എഴുത്തുകാരൻ മൊയ്തു വാണിമേലാണ്. പിന്നണി ഗായകരായ ആര്യ മോഹൻദാസ്, സുരേഷ് കോഴിക്കോട്, ആര്യ രമേശ്, തീർഥ എന്നിവർ ആലപിച്ചു. കണ്ണൂർ സിറ്റി, കക്കാട്, വളപട്ടണം, അഴീക്കോട്, ചിറക്കൽ, പുഴാതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയവരായിരുന്നു ഒപ്പനയിൽ പങ്കെടുത്തത്. 
കലാകാരനും ഒപ്പന പരിശീലകനുമായ നാസർ പറശ്ശിനിക്കടവിന്റെ നേതൃത്വത്തിൽ രമ്യ, ഗഫൂർ പള്ളിക്കര, അഫ്‌സീൻ കൂത്തുപറമ്പ് എന്നിവർ ചേർന്നാണ് ചുവടുകൾ പരിശീലിപ്പിച്ചത്. ലിംക ബുക്‌സ് ഓഫ് റെക്കോർഡിൽ 500 പേർ ചേർന്ന് അവതരിപ്പിച്ച ഒപ്പനയാണ് ഇപ്പോൾ ഇടം പിടിച്ചിട്ടുള്ളത്. കണ്ണൂർ സിറ്റിയിൽ നടന്ന മെഗാ ഒപ്പനയിൽ ഇതിന്റെ മൂന്നിരട്ടി പേർ പങ്കെടുത്തു. പരിപാടിയുടെ വിശദാംശങ്ങൾ ലിംക റെക്കോർഡ്‌സ് അധികാരികൾക്കു കൈമാറിയിട്ടുണ്ട്. 
എൻ. അബ്ദുല്ല കൾച്ചറൽ ഫോറം, മഹർബ സാംസ്‌കാരിക വേദി, കേരള ഫോക് ലോർ അക്കാദമി എന്നിവ സംയുക്തമായി സംഘടിപ്പിച്ച സിറ്റി ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ചാണ് മെഗാ ഒപ്പന അരങ്ങേറിയത്. സമാപന സമ്മേളനം പി.കെ.ശ്രീമതി ടീച്ചർ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സഹദേവൻ, എം.ഷാജർ, സുബൈർ കണ്ണൂർ, എൽ.വി.മഹമ്മൂദ്, കെ.വി.ഷക്കീൽ, കെ.ഷഹറാസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഷഹബാസ് അമന്റെ ഗസലും അവതരിപ്പിച്ചു. 
മാപ്പിള കലകളുടെയും മത സാഹോദര്യത്തിന്റെയും പൈതൃകമുള്ള കണ്ണൂർ സിറ്റിയിലെ ജനതയുടെ പഴയ സാംസ്‌കാരിക തനിമയിലേക്കുള്ള തിരിച്ചു നടത്തം കൂടിയായി ഈ പരിപാടികൾ. 

 


 

Latest News