കോഴിക്കോട് - ശശി തരൂരിന്റെ മലബാര്‍ പര്യടനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ താല്‍കാലിക വെടിനിര്‍ത്തല്‍. നേതാക്കള്‍ തമ്മില്‍ പ്രസ്താവനായുദ്ധം നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഒഴിച്ചുള്ള പ്രമുഖ നേതാക്കള്‍ ഇന്നലെ കോഴിക്കോട് കോണ്‍ഗ്രസിന്റെ ഒരേവേദിയില്‍ എത്തി. കോഴിക്കോട്ടെ പുതിയ ഡി.സി.സി ഓഫീസ് ശിലാസ്ഥാപനത്തോടനുബന്ധിച്ചാണ് നേതാക്കള്‍ എത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം തന്നെ കോഴിക്കോട്ട് എത്തിയിരുന്നു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, എം.പിമാരായ കെ. മുരളീധരന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
നേതാക്കളുമായി താരീഖ് അന്‍വര്‍ അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. പരസ്യ പ്രതികരണങ്ങള്‍ വിഷയത്തില്‍ ഉണ്ടാകില്ലെന്ന ഉറപ്പും നേതാക്കളില്‍നിന്നു അദ്ദേഹത്തിന് ലഭിച്ചു. അതേസമയം തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇത്തരം പരിപാടികള്‍ കെ.പി.സി.സി നേതൃത്വത്തിന്റെ അറിവോടെ ആയിരിക്കണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കെ. സുധാകരന്‍ വ്യാഴാഴ്ചയും താരിഖ് അന്‍വറിനോട് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
ചടങ്ങില്‍ രമേശ് ചെന്നിത്തല, കെ.സുധാകരന്‍, കെ. മുരളീധരന്‍ എന്നിവര്‍ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടതിനെകുറിച്ചാണ് സംസാരിച്ചത്. ഐക്യത്തോടെ മുന്നോട്ടുപോകണമെന്നായിരുന്നു നേതാക്കളുടെ ആഹ്വാനം. അതേസമയം തുടര്‍ന്ന് സംസാരിച്ച എം.കെ. രാഘവന്‍ കോണ്‍ഗ്രസില്‍ അച്ചടക്കത്തിന് നിര്‍വചനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കാന്‍ തയാറാണ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണെന്നും രാഘവന്‍ പറഞ്ഞു. താല്‍കാലിക പ്രശ്‌നപരിഹാരത്തിന് തീരുമാനമെടുത്തു കൊണ്ടാണ്, നേതാക്കള്‍ വേദിവിട്ടത്. അതേസമയം നിലവില്‍ യാതൊരു പരാതിയും കേരള ഘടകത്തില്‍നിന്ന് ലഭിച്ചിട്ടില്ലെന്നാണ് താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പറയുന്നത്. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായാണ് കോഴിക്കോട്ട് എത്തിയത്. നേതാക്കളുമായി സ്വാഭാവിക ചര്‍ച്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.