Sorry, you need to enable JavaScript to visit this website.

ഇന്ന് സ്ത്രീധന വിരുദ്ധ ദിനം: നിയമങ്ങൾ ഉണ്ടായാൽ മാത്രം പോര

നവംബർ 26, സ്ത്രീധന വിരുദ്ധ ദിനം- ഹൈസ്‌കൂൾ മുതൽ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ല എന്ന് വിദ്യാലയ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കേണ്ടുന്ന ദിനം.
സ്ത്രീധനം ഒരു ശാപം തന്നെയാണ്. ഈ ഗുരുതര വിപത്തിന്  ഇരയായിത്തീരുന്നവരുടെ മോചനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ 1961 ൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കി. സംസ്ഥാന സർക്കാർ 1992 ൽ ചട്ടങ്ങൾ രൂപീകരിക്കുകയും 2004ൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി ചട്ടം പരിഷ്‌ക്കരിക്കുകയും ചെയ്തു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കണ്ടെത്തിയാൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവുശിക്ഷയും, ഒപ്പം പിഴയും ഈടാക്കും.
എന്താണ് സ്ത്രീധനം?
വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം. വിവാഹത്തിന് മുമ്പും ശേഷവും നൽകുന്നതോ നൽകാമെന്നു സമ്മതിക്കുന്നതോ ആയ വസ്തുക്കളും, വിലപിടിപ്പുള്ള ഏതു സാധനവും സ്ത്രീധനത്തിന്റെ നിർവചനത്തിൽ വരും.
സ്ത്രീ സുരക്ഷക്കു വേണ്ടിയിട്ടുള്ള സംവിധാനങ്ങൾ നൽകുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിൽ എല്ലാ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കും അങ്കണവാടി ജീവനക്കാർക്കും പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ സുരക്ഷയ്ക്കായി കനൽ പദ്ധതി
ഉടലെടുത്തിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങില്ലെന്ന് സത്യപ്രസ്താവന ചെയ്യണം. നിയമങ്ങൾ നിലവിലുണ്ടെങ്കിലും സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ല. ഗുരുതരമായ നിരവധി സാമൂഹിക പ്രശ്‌നങ്ങൾക്കു ഈ വിപത്ത് വഴിതെളിയിക്കുന്നു. സ്ത്രീധനം വേണ്ടത്ര കിട്ടിയില്ല എന്ന കാരണത്താൽ എത്രയെത്ര വിവാഹ മോചനങ്ങളും ആത്മഹത്യകളുമാണ് ഇന്ന് നടക്കുന്നത്. കുടുംബ ഭദ്രതയുടെ ശിഥിലീകരണം, ഗാർഹിക പീഡനം, വിവാഹം നടക്കാതിരിക്കൽ തുടങ്ങിയവക്കും ഇത് കാരണമാകുന്നു. സ്ത്രീധന പീഡനങ്ങളും, സ്ത്രീധന മരണങ്ങളും വിവാഹമോചനങ്ങളും  ദിനംപ്രതി വർധിച്ചു കൊണ്ടേയിരിക്കുന്നു.
പെൺകുട്ടികളെ പിറന്നു വീഴുവാൻ പോലുമനുവദിക്കാതെ കൊന്നുകളയുവാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന ഒരു സമൂഹം ഇന്നുമുണ്ട്. പെൺകുട്ടികൾക്കും, മാതാപിതാക്കൾക്കും ആയുഷ്‌ക്കാലം മുഴുവൻ താങ്ങാനാവാത്ത വ്യഥകൾ നൽകുന്ന ചുറ്റുപാടുകൾ പലയിടങ്ങളിലും കാണുന്നു. 
സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയേണ്ടുന്ന ഉടമ്പടിയ്ക്കു  വിലപേശുന്ന കാടത്തം. ചിലപ്പോൾ ചെറുക്കൻ ഇതിൽ നിരപരാധി ആയിരിക്കാം. വീട്ടുകാരും മറ്റുമായിരിക്കും ആവശ്യപ്പെടുന്നത്. കുടുംബവും സമൂഹവും 'എന്ത് കിട്ടി' എന്ന് ചോദിക്കുമ്പോൾ പറയാനാണ്, നൽകണമെന്നില്ല അങ്ങനെ സഭയിൽ പറഞ്ഞാൽ മതി എന്ന് പറഞ്ഞായിരിക്കും അവതരിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞശേഷം കിട്ടാനുള്ളത് കിട്ടിയില്ല എന്ന പേരിൽ എത്രയെത്ര പെൺകുട്ടികൾ, മാതാപിതാക്കൾ, കുടുംബങ്ങൾ ഈ മ്ലേച്ചതയുടെ പേരിൽ ജീവനൊടുക്കി, കൊല്ലപ്പെട്ടു. ഭീഷണി മൂലവും ഭയന്നും പല സംഭവങ്ങളും പുറം ലോകം അറിയാതെ പോവുന്നു. കേസാക്കിയാലും  ഉന്നതരുടെ ഇടപെടലുകൾ മൂലം പല കേസുകളും തേഞ്ഞുമാഞ്ഞുപോവുന്നു എന്നതും ഇത്തരത്തിലുള്ള പീഡനങ്ങൾ കൂടാൻ കാരണമാവുന്നു.
നിന്നെ ഞാൻ പൊന്നുപോലെ നോക്കുമെന്ന് ആദർശം പറയുന്ന പല പുരുഷൻമാരുടെയും കണ്ണ് കല്യാണം കഴിയുന്നതോടെ പെണ്ണ് കൊണ്ടുവരുന്ന പൊന്നിലായിരിക്കും. അവൾ അണിഞ്ഞു കാണാനും ഭാവിയിലേക്കുള്ള ഒരു നിക്ഷേപമായി കരുതിയും മാതാപിതാക്കൾ മനസ്സറിഞ്ഞ് കൊടുക്കുന്നത് അണിഞ്ഞ് ആഗ്രഹം തീരുന്നതിനു മുമ്പേ  ആദർശവാൻമാരുടെ മനസ്സ് അവൻ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ പ്രേരണയാലോ ആ പൊന്നുകൊണ്ടെന്തൊക്കെ ചെയ്യാമെന്ന ചിന്തയായിരിക്കും. പെണ്ണിനെ സ്വന്തമാക്കിയതിനെക്കാൾ പൊന്നിനെ സ്വന്തമാക്കിയ ഭാവത്തിലാണ് പിന്നീടുള്ള പെരുമാറ്റ രീതികൾ. സ്വർണ്ണം വിറ്റ് ഭൂമി വാങ്ങൽ, വാഹനം വാങ്ങൽ, ബിസിനസ് ചെയ്യൽ അങ്ങിനെ പല പദ്ധതികളും നടപ്പിലാക്കാനുള്ള ശ്രമം. അത് പെണ്ണിന് മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടായിരിക്കും കൊടുത്തിട്ടുണ്ടാവുക. മാതാപിതാക്കളുടെ വിയർപ്പിന്റെ നോവറിയാത്ത പുരുഷന് അവർ മകൾക്ക് നൽകിയ സ്‌നേഹ സമ്മാനത്തിന്റെ വിലമതിക്കാനാവാത്ത വില എന്തായാലെന്താ? ആദർശവാനായ പുരുഷന്റെ മേലങ്കി അണിയാതെ, കല്യാണമാലോചിക്കുമ്പോൾ തന്നെ  പൊന്ന് വേണ്ട പണം മതിയെന്ന് പറയാൻ അവന്റെ അന്തസ് സമ്മതിക്കില്ല. കിട്ടിയ ശേഷം പലതും പറഞ്ഞ് പെണ്ണിനെ ധർമ്മസങ്കടത്തിലാക്കുന്നതിലാവും അവന്റെ മിടുക്ക്. അതിലവൻ ആനന്ദം കണ്ടെത്തുകയും ചെയ്യും.
സ്ത്രീധനത്തെ ചൊല്ലി എത്രയെത്ര പീഡനങ്ങളും കൊലയും ആത്മഹത്യകളും കണ്ടിട്ടും കേട്ടിട്ടും ബോധവൽക്കരിക്കപ്പെട്ടിട്ടും ലോകം  ഉള്ളിടത്തോളം കാലം ഇതൊക്കെ ആവർത്തിക്കപ്പെടുമെന്ന് കാലം തെളിയിച്ച് കൊണ്ടേയിരിക്കുകയാണ്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ഉത്രയുടെ ദുരൂഹ മരണവും, പീഡനം സഹിക്കാതെ ജീവനൊടുക്കിയ വിസ്മയയുടെ ദുരന്തവും കേരളക്കരയെയാകെ പിടിച്ചു കുലുക്കിയ സ്ത്രീധന മരണങ്ങളായിരുന്നു. ഗ്യാസ് ലീക്കായും,
മണ്ണെണ്ണയൊഴിച്ചും കഴുത്ത് മുറുക്കിയും ഞരമ്പറത്തും വെള്ളത്തിൽ തള്ളിയിട്ടും എത്രയെത്ര കൊലപാതകങ്ങളാണ് അന്വേഷണങ്ങൾ എവിടെയുമെത്താതെ ആത്മഹത്യയാക്കിത്തീർത്തത്.
വിവാഹം നടത്തുന്നതോടെ മാതാപിതാക്കൾക്ക് മക്കളോടുള്ള ഉത്തരവാദിത്തം തീരുന്നില്ല. മക്കൾക്ക് എല്ലാ വിധത്തിലും പിന്തുണയും തുടർന്നും കൊടുക്കണം. എന്നും സ്വന്തം വീട്ടിൽ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മക്കൾക്കുണ്ടാവണം. ഭർതൃവീട്ടിൽ ഏത് തരം പീഡനങ്ങൾ സഹിച്ചും പെൺകുട്ടികൾ എന്തിനാണ് ജീവിക്കുന്നത്. 
വേണ്ടതൊക്കെ കൊടുത്തിട്ടും വീണ്ടും പോരാതെയുള്ള പ്രകടനങ്ങൾക്ക് പെൺകുട്ടികൾ നിന്നു കൊടുക്കരുത്. 
പെൺമക്കൾ വളർന്നതിൽ നിന്നും തികച്ചും വ്യത്യസ്ത ചുറ്റുപാടിലാണ് വിവാഹശേഷം കഴിയേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ മക്കളെ കല്യാണം കഴിച്ചു കൊടുക്കുമ്പോൾ അത്യാവശ്യം വേണ്ട സദുപദേശങ്ങളൊക്കെ കൊടുക്കാം. മുതിർന്നവർ പറയുന്നത് മനസ്സിലാക്കിയും അനുസരിച്ചും നിന്നോളണമെന്നും, അതോടൊപ്പം തന്നെ ഉറപ്പുകൊടുക്കും വിധം പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് 'എന്തും സഹിച്ച് നിൽക്കേണ്ടതില്ല, ഈ വാതിൽ മോൾക്കായി എപ്പോഴും തുറന്നു കിടക്കും' എന്നതും
കൗമാരത്തിൽ നെയ്തുകൂട്ടുന്ന സ്വപ്‌നങ്ങൾ പൂവണിയുന്ന ചടങ്ങാണ് പെൺകുട്ടികൾക്ക് വിവാഹം. ആ ദിവസം ഓർമയിൽ എന്നും തിളക്കമുള്ളതാക്കാനും ഭാവി ജീവിതം ശോഭനമാക്കാനും വീട്ടുകാർ കഴിവിന്റെ പരമാവധി മക്കൾക്കായി നൽകും. വിവാഹ ജീവിതം സ്വർഗതുല്യമായില്ലെങ്കിലും നരകമാവാതിരിക്കാൻ ഇരുവരുടേയും മാതാപിതാക്കൾ ശ്രദ്ധിക്കണം. പെണ്ണിനെ പോറ്റാൻ കഴിവുള്ളവനേ പെണ്ണിനെ കൊടുക്കാവൂ. മഞ്ഞലോഹവും കാറും പണവും ഭൂമിയും മോഹിച്ചു വരുന്നവർക്ക് ജീവിതം വച്ച് നീട്ടാൻ പെൺകുട്ടികൾ തയ്യാറാവരുത്. അതിനു മുമ്പായി പൊന്നും പണവും ഭൂമിയും കാറും  മോഹിച്ചു വരുന്നവരോട് പെണ്ണില്ല എന്ന് പറയാൻ മാതാപിതാക്കൾക്കും കഴിയണം.
സ്ത്രീയെ ബഹുമാനിക്കുന്നവനാണ് യഥാർത്ഥ പുരുഷൻ. അവൾ അമ്മയായാലും സഹോദരിയായാലും ഭാര്യയായാലും ഓരോ പ്രായത്തിലും അവളെ സംരക്ഷിക്കുന്നവനാണ് ഉത്തമനായ പുരുഷൻ. 
ഹൃദയം പറിച്ചു കൊടുക്കുന്ന വേദനയിലാണ് സ്‌നേഹിച്ചു വളർത്തിയ പെൺമക്കളെ മാതാപിതാക്കൾ മറ്റൊരു വീട്ടിലേക്ക് അയക്കുന്നത്. അത് കാലങ്ങളായി തുടർന്നുവരുന്ന പ്രകൃതി നിയമം. ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് വിട്ടുവീഴ്ച അനിവാര്യമാണെങ്കിലും ആജീവനാന്തം മനസ്സാക്ഷിയില്ലാത്തവരുടെ കൂടെ ജീവിതം തീർക്കേണ്ട ഒരു കാര്യവുമില്ല. 
ആണായാലും പെണ്ണായാലും നല്ല വിദ്യാഭ്യാസവും എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും ധൈര്യവും നൽകി മക്കളെ വളർത്തുക. 
അതോടൊപ്പം മാനുഷിക മൂല്യങ്ങൾക്കു വില കൽപിക്കാനും എത് മതസ്ഥരായാലും പ്രാർത്ഥനയിലും വിശ്വാസത്തിലും മുന്നോട്ടു പോവാനും മക്കൾക്കു മാതൃകയാവണം. ഇതിൽ നിന്നെല്ലാം ആർജിച്ചെടുക്കുന്ന മനഃശക്തി എത് പ്രതിസന്ധിയിലും തളരാതിരിക്കാനും ആത്മവിശ്വാസവും തിരിച്ചറിവും നേടാനും അവരെ പ്രാപ്തരാക്കും.
വിവാഹം കഴിയുന്നതോടെ അവൾ തന്റേതു മാത്രമാണെന്ന ഉടമസ്ഥാവകാശം പറഞ്ഞ് അടിമയാക്കുന്നതും സ്വാതന്ത്ര്യം ഇല്ലാതാക്കി വീർപ്പുമുട്ടിക്കുന്നതും ചിലർക്ക് ആനന്ദമാണ്. ഇതെല്ലം ഉള്ളിലൊതുക്കി സഹിച്ച് മാനസിക പിരിമുറുക്കത്താൽ ദിവസങ്ങൾ തള്ളിനീക്കി ജീവിതകാലം കഴിച്ചു കൂട്ടുന്നവരുണ്ട്. ഈഗോയുടെ പേരിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം കണ്ട് മാനസിക പീഡനം അനുഭവിപ്പിക്കുന്നവരും ധാരാളം. വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ പോലും ശ്രദ്ധിക്കാതെ, അവഗണന കാണിച്ച് സ്ത്രീയെ ഉപഭോഗവസ്തു മാത്രമായി കാണുന്ന ഭർത്താക്കൻമാരും ഉണ്ട്. ഒരു വശത്ത് ഇത്തരത്തിലൊക്കെ നടക്കുമ്പോഴും മാതൃകാപരമായി മൂല്യങ്ങൾ ഉൾക്കൊണ്ട് സ്ത്രീയെ ഉൾക്കൊണ്ടും ബഹുമാനിച്ചു ജീവിക്കുന്നവരും വിരളമല്ല.
അടുത്ത അഞ്ചു വർഷം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂർണ്ണമായും നിർമ്മാർജനം ചെയ്യാനുള്ള കഠിന പ്രയത്‌നത്തിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് എന്ന് കഴിഞ്ഞ വർഷം വായിച്ചതോർക്കുന്നു. ഈയൊരു ലക്ഷ്യം മുൻനിർത്തി നിയമം കർശനമാക്കുന്നതോടൊപ്പം വിപുലമായ പരിപാടികളാണ് വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കോളേജുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ അവബോധ പരിപാടി സംഘടിപ്പിക്കാനും, ഒരു ലക്ഷത്തോളം അവബോധ പോസ്റ്റർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിക്കാനും കഴിഞ്ഞ വർഷം  തീരുമാനിച്ചിരുന്നു. പ്രശസ്ത സിനിമാ താരം ടൊവിനോ തോമസായിരുന്നു ഈയൊരു യജ്ഞത്തിന്റെ ഗുഡ് വിൽ അംബാസഡർ.
തക്കതായ ശിക്ഷയിലൂടെയും ശക്തമായ അവബോധത്തിലൂടെയും മാത്രമെ സ്ത്രീധന സമ്പ്രദായത്തിന് ഒരു മാറ്റം വരുത്താൻ കഴിയൂ. അതിനായി നമുക്ക് കൈകോർക്കാം.

Latest News