Sorry, you need to enable JavaScript to visit this website.

വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിക്കുന്നതിനു പിന്നിലെ വിരുതനെ ഒടുവില്‍ കണ്ടെത്തി

കൊല്ലം - കൊട്ടാരക്കര നെല്ലിക്കുന്നത്ത് വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ നിരന്തരമായി കത്തി നശിക്കുന്നതിനു പിന്നിലെ വിരുതനെ കണ്ടെത്തി. ബന്ധുവായ എട്ടാം ക്ലാസുകാരനാണ് ദുരൂഹമായിരുന്ന അതിക്രമത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
സൈബര്‍ സെല്ലുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വീട്ടമ്മയായ സജിതയുടെ ജ്യേഷ്ഠത്തിയുടെ മകനാണ് ഈ എട്ടാം ക്ലാസുകാരന്‍. കഴിഞ്ഞ ഏഴുമാസമായി നെല്ലിക്കുന്നം കാക്കത്താനം രാജ വിലാസത്തില്‍ വൈദ്യത സ്വിച്ച് ബോര്‍ഡുകളും ഉപകരണങ്ങളും നിരന്തരമായി കത്തി നശിക്കുകയാണ്. സംഭവം തുടര്‍ച്ചയായതോടെ വീട്ടുകാര്‍ ഭീതിയിലായി. ഇലക്ട്രീഷ്യനും വീടുവിട്ടു കഴിയുകയും ചെയ്യുന്ന ഗൃഹനാഥന്‍ സന്തോഷിനെയാണ് ആദ്യം സംശയിച്ചത്. കെ.എസ്.ഇ.ബി അധികൃതരും മറ്റു ഇലക്ട്രീഷ്യന്‍മാരും നടത്തിയ പരിശോധനയില്‍ വൈദ്യുത തകരാര്‍ ഇല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
വീട്ടിലെ അംഗം സജിതയുടെ വാട്സാപ്പിലേക്ക് അമ്മ വിലാസിനിയുടെ വാട്സാപ്പില്‍നിന്നു നിരന്തരം മെസേജുകള്‍ വന്നു നിമിഷങ്ങള്‍ക്കകമാണ് വീട്ടില്‍ വൈദ്യുത ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുന്നത്. പക്ഷെ സജിതയുടെ അമ്മ വിലാസിനിക്ക് ഇംഗ്ലിഷ് അറിയാത്തതുകൊണ്ട് ഇങ്ങനെ ഒരു മെസേജ് അയക്കാന്‍ സാധിക്കില്ല. തുടര്‍ച്ചയായി മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ക്കൊപ്പം ഭീഷണിയായി സ്വിച്ച് ബോര്‍ഡ് നശിപ്പിക്കുമെന്ന് സന്ദേശവും അയച്ച ശേഷം വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍ കത്തി നശിക്കുകയായിരുന്നു.
ഇത്തരത്തില്‍ പല തവണയായി സന്ദേശങ്ങള്‍ അയച്ച ശേഷം 11 സ്വിച്ച് ബോര്‍ഡുകളും ഫ്രിഡ്ജ്, ടി.വി, രണ്ടു മോട്ടര്‍ പമ്പ് സെറ്റ്, ഒരു മിക്സി, അഞ്ച് മൊബൈല്‍ ഫോണുകള്‍ എന്നിവ ഇതിനോടകം നശിപ്പിച്ചതായി വിട്ടമ്മ സജിത പറഞ്ഞിരുന്നു. സജിതയും കുടുംബവും ആദ്യ ഘട്ടത്തില്‍ സംഭവം പുറത്ത് പറഞ്ഞെങ്കിലും അന്ധവിശ്വാസമാണെന്നു കരുതി പലരും വിശ്വസിച്ചില്ല. നാട്ടുകാരില്‍ ചിലര്‍ വീടിനുള്ളില്‍ എത്തി കത്തിക്കരിഞ്ഞ സ്വിച്ച് ബോര്‍ഡുകളും മറ്റു വൈദ്യുത ഉപകരണങ്ങളും കണ്ടതോടെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
തുടര്‍ന്ന് സജിത നടത്തിയ പരിശോധനയില്‍ ബെഡ് റൂമിന്റെ എയര്‍ ഹോളില്‍ നിന്നും ഒരു ചിപ്പ് (കപ്പാസിറ്റര്‍ ബാങ്ക് ) ലഭിക്കുകയും ചെയ്തു. സജിതയുടെയും അമ്മയുടെയും ഫോണുകള്‍ ഹാക്ക് ചെയ്യുകയുമുണ്ടായി. ഇത് സംബന്ധിച്ചു റൂറല്‍ എസ്.പി, സൈബര്‍ സെല്‍, പോലീസ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി. ദീര്‍ഘനാളായി അകന്നു കഴിയുന്ന ഭര്‍ത്താവ് സന്തോഷിനെതിരെയായിരുന്നു സജിതയുടെ ആരോപണം.
പോലീസ് സൈബര്‍ വിഭാഗം തുടക്കത്തില്‍ തന്നെ വീട്ടിലുള്ളവരെ സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചെയ്യേണ്ടുന്നചില നിര്‍ദേശങ്ങളും നല്‍കിയിരുന്നു. സജിതയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തതില്‍ അയാള്‍ നിരപരാധിയാണെന്ന് വ്യക്തമായി. തുടര്‍ന്നുണ്ടായ നിരന്തര നിരീക്ഷണത്തിലൂടെയാണ് പോലീസ് കുട്ടിയിലേക്കെത്തിച്ചേര്‍ന്നത്.
മൊബൈല്‍ ഫോണില്‍ പരീക്ഷണം നടത്തുകയായിരുന്നെന്നാണ് കുട്ടിയുടെ ആദ്യ വിശദീകരണം. എന്നാല്‍ കുഞ്ഞമ്മ സജിതയെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് സന്തോഷിനെ കുടുക്കാനും ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറഞ്ഞു.

 

Latest News