ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞ് രാഹുലിന്റെ യാത്ര മധ്യപ്രദേശില്‍ തുടരുന്നു

ഭോപാല്‍-എതിരാളികളുടെ പരിഹാസത്തെ അപ്രസക്തമായി മധ്യപ്രദേശിലും രാഹുല്‍ ഗാന്ധിയുടെ ജൈത്രയാത്ര. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞുള്ള രാഹുലിന്റെ യാത്ര ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ജനപിന്തുണയോടെ മുന്നേറുകയാണ്.
മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ആക്രി പെറുക്കി ജീവിക്കുന്നവരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംഭാഷണം ഹൃദയം തൊട്ടു. യാത്ര ബര്‍വാഹ ടൗണ്‍ കടന്നുപോകുമ്പോഴാണ് വഴിയോരത്ത് കാത്തുനിന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഷന്നുവിനെയും കുടുംബത്തേയും രാഹുല്‍ ഗാന്ധി അടുത്തേക്കു വിളിച്ചത്.
ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന കുടുംബത്തിന്റെ ദുരവസ്ഥ രാഹുലുമായി ഷന്നു പങ്കുവച്ചു. 'വീടില്ല. ചെറിയൊരു കുടിലിലാണ് താമസം. കുടിവെള്ളമില്ല. കറന്റിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. ദുരിതം കേള്‍ക്കാന്‍ ആരുമില്ല. എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല..' 45 വയസ്സുകാരിയായ ഷന്നു പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇവരുമായി സംസാരിച്ചു.
മധ്യപ്രദേശില്‍ ഖാണ്ഡ്‌വ, ഖര്‍ഗോണ്‍ ജില്ലകള്‍ പിന്നിട്ട് ഭാരത് ജോഡോ യാത്ര വൈകിട്ട് ബാബാസാഹേബ് അംബേദ്കറുടെ ജന്മസ്ഥലമായ മോയിലെത്തും.

 

Latest News