Sorry, you need to enable JavaScript to visit this website.

മണാലിയില്‍  ബൈക്ക് താഴ്ചയിലേക്ക്  മറിഞ്ഞ് മഞ്ചേരി സ്വദേശി ഉള്‍പ്പെടെ രണ്ടു മരണം 

ഷിംല-ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. ദല്‍ഹിയില്‍ നിന്ന് മണാലിയില്‍ എത്തിയതാണ് അപകടത്തില്‍പ്പെട്ടവര്‍. പോലീസ് കേസ് എടുത്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി. ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,000-ലധികം അപകടങ്ങളുണ്ടായതായി നേരത്തെ പോലീസ് റിപ്പോര്‍ട്ട് വന്നിരുന്നു. 2600ല്‍ അധികം ആളുകള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കുളുവിലെ സൈഞ്ച് താഴ്വരയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്‌കൂള്‍ കുട്ടികളടക്കം 13 പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് പോലീസ് ഇക്കാര്യം വിശദമാക്കിയത്.  മലയോര മേഖലകളിലെ റോഡുകളില്‍ ക്രാഷ് ബാരിയറുകള്‍ ഇല്ലാത്തതാണ്  അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍.
റോഡിന്റെ  നീളം 38,035 കിലോമീറ്ററുള്ള സംസ്ഥാനത്ത് റോഡിന്റെ 520 കിലോമീറ്ററില്‍ മാത്രമാണ് ക്രാഷ് ബാരിയറുകള്‍ ഉള്ളത്. വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഷിംലയിലാണ് ഏറ്റവും കൂടുതല്‍ റോള്‍ ഡൗണ്‍ അപകടങ്ങള്‍ നടന്നതെന്നാണ് പോലീസ് വിശദമാക്കുന്നത്. 
 

Latest News