കായംകുളം- ശരീരം തളര്‍ന്നിട്ടും ജീവിതത്തെ ഇച്ഛാശക്തിയാല്‍ അതിജയിച്ച ഉനൈസിന്റെ വേര്‍പാട് നാടിനു മുഴുവന്‍ നൊമ്പരമായി. മാവേലിക്കര പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ ഓവര്‍സീയറായിരുന്ന കറ്റാനം ഇലപ്പിക്കുളം പുള്ളാരുകടയില്‍ ഉനൈസിനെ നാട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത് അദ്ദേഹത്തിന്റെ സേവനമനസ്സു കൂടിയായിരുന്നു. ഇരുപതാമാത്തെ വയസ്സില്‍ കുരുമുളക് പറിക്കാന്‍ കയറിയപ്പോള്‍ കാല്‍തെറ്റി വീണതാണ് ഉനൈസിന്റെ ജീവിതം മാറ്റിമറിച്ചത്. 36 ാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം.
നിസ്സാര വീഴ്ചയായിരുന്നുവെങ്കിലും സ്‌പൈനല്‍ കോഡ് തകര്‍ന്നതോടെ ജീവിതം കിടക്കയിലേക്ക് മാറി. മാതാവ് ജമീലാ ബീവിയുടെ പരിചരണമാണ് ജീവിതത്തെ ഇച്ഛാശക്തിയോടെ നേരിടാന്‍ ഉനൈസിന് കരുത്തായത്.
വാക്കറിന്റെ സഹായത്തോടെ നടക്കാനും മുച്ചക്രവാഹനത്തില്‍ സഞ്ചരിക്കാനും സാധ്യമായതോടെ മങ്ങാര ജങ്ഷനില്‍ ആരംഭിച്ച ലോഗ് ഇന്‍ സൊലൂഷന്‍ എന്ന ഇന്‍ര്‍നെറ്റ് കഫേയും സേവന കേന്ദ്രവും നാട്ടുകാര്‍ക്ക് വലിയ സേവനങ്ങളാണ് നല്‍കിയത്. ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് വലിയ ധാരണയില്ലാതിരുന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സേവന കേന്ദ്രം സഹായകമായി.
പിന്നീട് പി.എസ്.സി പരീക്ഷയെഴുതി പൊതുമരാമാത്ത് വകുപ്പില്‍ ഓവര്‍സീയറായി തന്റെ ഇച്ഛാശക്തി വീണ്ടും തെളിയിച്ചു. ചങ്ങനാശ്ശേരി സ്വദേശിനി തഹ്‌സീനയെ ജീവിത പങ്കാളിയാക്കി ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് അകാലത്തിലുള്ള വേര്‍പാട്.
ഖബറടക്ക ചടങ്ങിലും അനുശോചന യോഗത്തിലും സംബന്ധിച്ച വന്‍ ജനാവലി ഉനൈസിനോടുള്ള നാട്ടുകാരുടെ സ്‌നേഹത്തിന്റെ തെളിവ് കൂടിയായിരുന്നു.






