ഭോപ്പാല്‍- ഭാരത് ജോഡോ യാത്ര ആരംഭിച്ചതിനു ശേഷം താടിയും മീശയും വളര്‍ത്തുന്ന രാഹുല്‍ ഗാന്ധിയോടൊപ്പം മീശ പിരിച്ച് ഇന്ത്യന്‍ പ്രൊഫഷനല്‍ ബോക്‌സിങ് താരവും ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്. ഇരുവരും മീശ പിരിച്ചുകൊണ്ട് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇരുവര്‍ക്കുമൊപ്പം പദയാത്രയുടെ ഭാഗമായി.
സെപ്റ്റംബര്‍ ഏഴിനു കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച രാഹുലിന്റെ യാത്ര മധ്യപ്രദേശിലെത്തിയിരിക്കയാണ്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചത് അഴിമതിക്കാരായ എംഎല്‍എമാര്‍ക്ക് 2025 കോടി നല്‍കിയാണെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജനാധിപത്യപരമായ എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുല്‍ പറഞ്ഞു. വിദ്വേഷം, അക്രമം, രാജ്യത്തു പരത്തുന്ന ഭീതി എന്നിവയ്ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയുമാണ് യാത്രയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.






