സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്ന് അധിക്ഷേപിച്ചു; വെറുതെ വിടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി-ഹരജി അടിയന്തരമായി കേള്‍ക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷയില്‍ സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ച പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്. ക്രിമിനല്‍ നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഹരജിക്കാരന് നോട്ടീസ് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിക്കു നിര്‍ദേശം നല്‍കി. നോട്ടീസിന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം.
    കേസ് വാദിക്കാന്‍ എത്തിയ ഹരജിക്കാരന്‍ കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു. എന്നാല്‍ മാപ്പപേക്ഷ പരിശോധിക്കേണ്ടതുണ്ടെന്നാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഹിമ കോഹ്‌ലിയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ ഹരജിക്കാരനെ സ്വയം കേസ് വാദിക്കാന്‍ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി.
    ജഡ്ജിയെ ഭീകരവാദി എന്നാക്ഷേപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ ആണ് നിങ്ങള്‍ അധിക്ഷേപിച്ചത്. അദ്ദേഹം നിങ്ങളുടെ സംസ്ഥാനത്തു നിന്നുള്ള ആളുമാണ്. അതു കൊണ്ടാണ് ഇത്തരത്തില്‍ അധിക്ഷേപിച്ചതെന്നും ചോദിച്ചു. നിങ്ങള്‍ക്കെതിരേ ഷോ കോസ് നോട്ടീസ് നല്‍കുന്നു. ഒരു പക്ഷേ ജയിലില്‍ പോകേണ്ട കാര്യമാണിതെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നല്‍കി.
    കൊറോണ കാലമായിരുന്നത് കൊണ്ട് താന്‍ കടുത്ത സമ്മര്‍ദത്തില്‍ ആയിരുന്നു എന്നായിരുന്നു ഹരജിക്കാരന്റെ മറുപടി. എന്നാല്‍ മാപ്പു പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ലെന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി പറഞ്ഞു. തന്റെ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് 2021 മാര്‍ച്ചിലും ജൂലൈയിലും അപേക്ഷ നല്‍കിയിരുന്നുവെന്ന് പറഞ്ഞു. രണ്ട് അപേക്ഷയിലും ഇതേ അധിക്ഷേപം ഉണ്ടായിരുന്നു എന്ന് ചോദിച്ച ജഡ്ജി അത്ഭുതകരം എന്നു പ്രതികരിക്കുകയും ചെയ്തു. അടിയന്തരമായി ഹരജി പരിഗണിക്കണം എന്ന ആവശ്യം തള്ളിയ കോടതി കാരണം കാണിക്കാനുള്ള നോട്ടീസ് നല്‍കി.
         

 

Latest News