Sorry, you need to enable JavaScript to visit this website.

VIDEO മുസ്ലിമായി അഭിനയിച്ച് വൈറല്‍ പരാമര്‍ശം നടത്തിയ ഹിന്ദു യുവാവ് അറസ്റ്റില്‍

ലഖ്‌നൗ- വൈറല്‍ വീഡിയോയില്‍ മുസ്ലിമെന്ന പേരില്‍ ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകത്തെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ഹിന്ദു യുവാവിനെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.
യുട്യൂബ് ചാനലിന്റെ അവതാരകനോട് സംസാരിക്കവെ ഹിന്ദുവായ വികാസ് കുമാറാണ് ബുലന്ദ്ഷഹര്‍ നിവാസിയായ റാഷിദ് ഖാന്‍ ആണെന്ന് പരിചയപ്പെടുത്തി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
കൊലപാതകി ദേഷ്യത്തിലാണെങ്കില്‍ ഒരാളെ കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കുകയും ചെയ്യുന്നത് സാധാരണമാണെന്നാണ് ഇയാള്‍ പറഞ്ഞത്. താനും അങ്ങനെ ചെയ്യുമെന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു. വീഡിയോ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കിട്ടതിനെത്തുടര്‍ന്ന് ആളെ കണ്ടെത്താന്‍  പോലീസ് സംഘത്തെ നിയോഗിച്ചിരുന്നുവെന്ന് ബുലന്ദ്ഷഹര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറഞ്ഞു.
റഷീദ് എന്ന് അവകാശപ്പെട്ട്  ആക്ഷേപകരമായ പരമാര്‍ശം നടത്തിയ ആളെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലെ ഛത്തര്‍പൂര്‍ ഏരിയയിലെ വാടക ഫഌറ്റില്‍ ശ്രദ്ധ വാള്‍ക്കര്‍ എന്ന യുവതിയെ ലിവ് ഇന്‍ പങ്കാളിയായ അഫ്താബ് പൂനവല്ല നടത്തിയ കൊലപാതകത്തെക്കുറിച്ചായിരുന്നു വ്യാജ പേരില്‍ വികാസ് കുമാറിന്റെ പരാമര്‍ശം.
കസ്റ്റഡിയിലായ വികാസ് കുമാര്‍ നേരത്തെ മോഷണക്കേസുകളില്‍ പ്രതിയാണ്.

 

Latest News