ദുബായില്‍നിന്ന് കാനഡയിലേക്ക് മാറിയത് വലിയ അബദ്ധമായി; മകനെ നഷ്ടപ്പെട്ട പ്രവാസി

ടൊറന്റോ- ദുബായില്‍നിന്ന് കാനഡയിലേക്ക് മാറിയതില്‍ അത്യധികം ഖേദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കുത്തേറ്റുമരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി മെഹക്പ്രീത് സേഥി (18) യുടെ പിതാവ് ഹര്‍ഷ്പ്രീത് സേഥി. കാനഡയിലെ സറേയില്‍   ഹൈസ്‌കൂളിന്റെ പാര്‍ക്കിംഗ് ലോട്ടിലുണ്ടായ  സംഘര്‍ഷത്തിലാണ് മെഹക്പ്രീത് സേഥി   കുത്തേറ്റു മരിച്ചത്.
ന്യൂട്ടണ്‍ ഏരിയയിലെ   തമനാവിസ് സെക്കന്‍ഡറി സ്‌കൂളിന് പുറത്ത് ആക്രമണത്തിനിരയായ   സേഥി  ചൊവ്വാഴ്ച ആശുപത്രിയിലാണ് മരിച്ചത്.  
പ്രതിയും  സേഥിയും   തമ്മിലുള്ള മല്‍പിടിത്തത്തിനൊടുവിലാണ് സേഥിയെ കുത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അക്രമിയും  ഇരയും പരസ്പരം അറിയുന്നവരാണെന്നും  ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ (ഐഎച്ച്‌ഐടി) സര്‍ജന്റ് തിമോത്തി പിയറോട്ടി പറഞ്ഞു.  
കത്തി മകന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറിയതാണ് മരണകാരണമെന്ന് ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞതായി സേഥി പറഞ്ഞു. എട്ടു വര്‍ഷം മുമ്പാണ് ഹര്‍പ്രീത് സേഥിയും കുടുംബവും ദുബായില്‍നിന്ന് കാനഡയിലെത്തിയത്. പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലാ സ്വദേശികളാണ്.
കുട്ടികള്‍ക്ക് നല്ല ഭാവിയുണ്ടാകുമെന്നും സുരക്ഷിതരായിരിക്കുമെന്നും കരുതിയാണ് കാനഡയിലേക്ക് വന്നത്. ഇപ്പോള്‍ മക്കളോടൊപ്പം എന്തിനീ രാജ്യത്തേക്ക് വന്നുവെന്ന് ആലോചിച്ച് ദുഃഖിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമിക്ക് തന്റെ മകന്റെ മുഖത്തടിക്കുകയോ കൈയോ കാലോ തല്ലിയൊടിക്കാമായിരുന്നുവെന്നും ജീവനെടുക്കാതെ വിടാമായിരുന്നുവെന്നും അദ്ദേഹം കണ്ണീരൊഴുക്കിക്കൊണ്ട് പറഞ്ഞു.
സേഥിയും 17 കാരനായ വിദ്യാര്‍ഥിയും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവം നടന്ന സ്‌കൂളിലെ വിദ്യാര്‍ഥിയല്ല മെഹക്പ്രീത്. ഇളയ സഹോദരന്‍ ഭാവ്പ്രീതിനെ വീട്ടിലേക്ക് കൂട്ടാനാണ് സ്‌കുളിലെത്തിയത്. പിറന്നാളായതിനാല്‍ അനുജനെ കടയില്‍ കൊണ്ടുപോയി വസ്ത്രം വാങ്ങുന്നതിനാണ് മെഹക്പ്രീത് ഉച്ച സമയത്ത് സ്‌കൂളിലെത്തിയതെന്് സഹോദരി പറഞ്ഞു.

 

Latest News