വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ കൊച്ചിയിലും ഇറങ്ങുന്നു

കൊച്ചി- ഡോ. ശരിതരൂര്‍ എം.പിയുടെ ജില്ലാ സന്ദര്‍ശനങ്ങളില്‍ വിഭാഗീയത ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തട്ടകമായ എറണാകുളത്തേക്ക് തന്നെ ഡോ. ശശിതരൂര്‍ എത്തുന്നു. ശരി തരൂര്‍ ദേശീയ ചെയര്‍മാനും ഡോ. എസ് എസ് ലാല്‍ സംസ്ഥാന അധ്യക്ഷനുമായ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഞായറാഴ്ച സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ ഉദ്ഘാടകനും ഡോ. ശശി തരൂര്‍ മുഖ്യപ്രാസംഗികനുമാണ്. രാവിലെ 9.30ന് എറണാകുളം നോര്‍ത്തിലെ പ്രസിഡന്‍സി ഹോട്ടലിലാണ് പരിപാടി. വൈകീട്ട് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടകന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. വി ഡി സതീശന്റെ മണ്ഡലമായ നോര്‍ത്ത് പറവൂരിലെ ഒരു സ്വകാര്യ ചടങ്ങിലും നാളെ തരൂര്‍ പങ്കെടുക്കുന്നുണ്ട്.
കോണ്‍ക്ലേവ് ശശിതരൂരിന്റെ ശക്തി പ്രകടനമല്ലെന്ന് സംഘടകര്‍ പറയുന്നു. എന്നാല്‍ വിവിധ ജില്ലകളിലെ കോണ്‍ഗ്രസ് വേദികളില്‍ ശശി തരൂരിന്റെ സാന്നിദ്ധ്യത്തിനെതിരെ കെ സി വേണുഗോപാല്‍ - വി ഡി സതീശന്‍ അച്ചുതണ്ട് ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനമുയര്‍ത്തുമ്പോള്‍ തരൂരിനെ കൊച്ചിയില്‍ ഇറക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് രംഗത്തുവന്നത് യാദൃശ്ചികമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവില്‍ രാവിലെ ഒന്‍പത് മുതല്‍ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക. നോര്‍ത്ത് പറവൂരില്‍ സ്വകാര്യ ചടങ്ങില്‍ തരൂര്‍ എത്തുന്നതും ഇതുമായി ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്.
വിവിധ സെഷനുകളില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ് .എസ് ലാല്‍ അധ്യക്ഷത വഹിക്കും. ദക്ഷിണ മേഖല കോര്‍ഡിനേറ്റര്‍ ഡോ.ജെ. ഗീത റെഡ്ഡി, സി ഒ ഒ സലിം ജവേരി, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിക്കും. ധന്യ രവി, സാമ്പത്തിക വിദഗ്ധന്‍ ഡോ . വി.കെ വിജയകുമാര്‍, സുസ്തേര ഫൗണ്ടേഷന്‍ ആന്‍ഡ് ഭവസ് ഇന്ത്യ സഹ സ്ഥാപക ദീപ അനന്തപദ്മനാഭന്‍, ഡോ. മുരളി തുമ്മാരുകുടി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാമകൃഷ്ണന്‍, മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. അബ്ദുള്‍ അസീസ്, ഐ എം എ കേരള പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ്, യു കെ ബ്രാഡ്ലി സ്റ്റോക് മേയര്‍ ടോം ആദിത്യ എന്നിവരും കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും വിവിധ സെഷനുകളില്‍ പങ്കെടുക്കും.

 

 

Latest News