Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO ജിദ്ദയിലുണ്ടായത് 2009 ലേതിനു സമാനമായ സാഹചര്യം, പെയ്തത് ഒരു വര്‍ഷം ലഭിക്കുന്ന മഴ

ജിദ്ദ - കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ദക്ഷിണ ജിദ്ദയിലെ അല്‍അജാവീദ് ഡിസ്ട്രിക്ട് അടക്കമുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. 2009ലേതിന് സമാനമായ പ്രളയ ദുരന്തമാണ് അല്‍അജാവീദ് ഡിസ്ട്രിക്ടിലുണ്ടായത്.

2009 ല്‍ അല്‍അജാവീദ് ഡിസ്ട്രിക്ടില്‍ കാറുകള്‍ കൂട്ടത്തോടെ ഒഴുക്കില്‍ പെട്ട് ഖുവൈസ ഡിസ്ട്രിക്ടില്‍ അടിഞ്ഞുകൂടുകയായിരുന്നു. വ്യാഴാഴ്ച പെയ്ത കനത്ത മഴക്കിടെ ഇവിടെ നിരവധി തെരുവുവിളക്കു കാലുകള്‍ നിലംപൊത്തി.
2009 ല്‍ ജിദ്ദയില്‍ വന്‍ നാശം വിതച്ച പ്രളയ ദുരന്തമുണ്ടായ ദിവസം പെയ്തതിന്റെ ഇരട്ടിയിലേറെ മഴ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെയുള്ള സമയത്ത് നഗരത്തില്‍ പെയ്തതായി ദേശീയ കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2009 ല്‍ 74 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. വ്യാഴാഴ്ച ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 179.6 മില്ലിമീറ്റര്‍ മഴ പെയ്തു. നഗരത്തില്‍ ഒരു വര്‍ഷത്തില്‍ ശരാശരി ലഭിക്കുന്ന മഴക്ക് തുല്യമായ മഴയാണ് വ്യാഴാഴ്ച മാത്രം ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗവേഷണ വിഭാഗം മേധാവി ഡോ. യാസിര്‍ അല്‍ഖലാഫ് പറഞ്ഞു. ജിദ്ദയില്‍ പ്രളയമുണ്ടായ 2009, 2011 വര്‍ഷങ്ങളെക്കാള്‍ കൂടിയ തോതിലുള്ള മഴയാണ് വ്യാഴാഴ്ച ജിദ്ദയിലുണ്ടായത്. പ്രളയ ദുരന്തമുണ്ടായ ദിവസങ്ങളില്‍ 2011 ല്‍ 111 മില്ലിമീറ്ററും 2009 ല്‍ 74 മില്ലിമീറ്ററും മഴയാണ് ജിദ്ദയില്‍ പെയ്തത്. എന്നാല്‍ വ്യാഴാഴ്ച 179.6 മില്ലിമീറ്റര്‍ മഴ പെയ്തതായും ഡോ. യാസിര്‍ അല്‍ഖലാഫ് പറഞ്ഞു.

ജിദ്ദയിലും ജിദ്ദക്കും മക്കക്കും ഇടയിലെ ബഹ്‌റയിലും നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി വിതരണവും മുടങ്ങിയിരുന്നു. വ്യാഴാഴ്ച നഗരത്തിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് 2009 ല്‍ ജിദ്ദയിലുണ്ടായ പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാര വിതരണത്തിന് അവലംബിച്ച അതേ മാനദണ്ഡങ്ങളുടെയും വ്യവസ്ഥകളുടെയും സംവിധാനത്തിന്റെയും അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കി.

നഷ്ടപരിഹാരം തേടി ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്ററിന് അപേക്ഷ നല്‍കുകയാണ് വേണ്ടത്. സെന്റര്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് നഷ്ടപരിഹാര വിതരണത്തിന് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കുള്ള കവറേജുകള്‍ കൂടി അടങ്ങിയ സമഗ്ര ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി വഴി നഷ്ടപരിഹാരത്തിന് അവകാശമുണ്ട്.

 

Latest News