സ്വവര്‍ഗ വിവാഹത്തന് നിയമസാധുത; ഹരജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി- സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹരജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയത്. അറ്റോര്‍ണി ജനറലിനും കോടതി പ്രത്യേക നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം പ്രതികരണം തേടിയാണ് നോട്ടീസ്. പത്തു വര്‍ഷമായി ഹൈദരാബാദില്‍  ഒന്നിച്ചു കഴിയുന്ന സ്വവര്‍ഗ പങ്കാളികളാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
മതവിവാഹ നിയമങ്ങളിലല്ല, പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. കേരള, ദല്‍ഹി ഹൈക്കോടതികളില്‍ ഹരജികളില്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതിയിലെ അപേക്ഷകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാമെന്ന് കേന്ദ്രം സമ്മതിച്ചുവെന്ന് ഹരജിക്കാര്‍ അറിയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് നോട്ടീസയക്കാന്‍ നിര്‍ദ്ദേശിച്ചത്.

 

Latest News