Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് സി.പി.എമ്മിനു പഠിക്കേണ്ടതില്ല

സതീശനും തരൂരും മാത്രമല്ല, എല്ലാ നേതാക്കളും വാശിയോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരാകണമെന്നത് ആ സമയത്ത് പാർട്ടിക്കകത്തെ മാത്രമല്ല പുറത്തെയും ഭൂരിപക്ഷാഭിപ്രായത്തിൽ തീരുമാനിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ കാംക്ഷികളായ സതീശനും തരൂരും അതിനർഹർ തന്നെയാണ്. അതേസമയം കോൺഗ്രസ് നിലനിൽക്കേണ്ടതും ശക്തിപ്പെടേണ്ടതും രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയുടെ കാലത്ത് അനിവാര്യമാണ്. ഒരുപക്ഷേ കേരളത്തിലെ സി.പി.എം ഒഴികെ രാജ്യത്തെ മുഴുവൻ ജനാധിപത്യ ശക്തികളും അതാഗ്രഹിക്കുന്നു. 

 

കേരളത്തിലെ കോൺഗ്രസ് വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുകയാണല്ലോ. മാധ്യമങ്ങൾ കുറച്ചൊക്കെ അതിശയോക്തിപരമായി കാര്യങ്ങൾ അവതരിപ്പിക്കുമെങ്കിലും തീയില്ലാതെ പുകയുണ്ടാവില്ലല്ലോ. ഇക്കുറി പുകയായി അവതരിച്ചിരിക്കുന്നത് ശശി തരൂരാണ്. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായി അടുത്ത ദിവസം വരെ ദേശീയ തലത്തിലടക്കം നിറഞ്ഞുനിന്നിരുന്ന തരൂർ ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. വിശ്വപൗരൻ ഒരു സംസ്ഥാനത്ത് ഒതുങ്ങുകയാണ് എന്നർത്ഥം.

തീർച്ചയായും ഇപ്പോഴത്തെ സംഭവങ്ങൾ ഒറ്റപ്പെട്ടതായോ തരൂർ സ്വന്തം താൽപപ്പര്യമനുസരിച്ചു മാത്രം ചെയ്യുന്നതായോ കാണാനാകില്ല. കോൺഗ്രസിൽ പതിറ്റാണ്ടുകളായി തുടരുന്ന ഗ്രൂപ്പിസത്തിന്റെ ഭാഗം തന്നെയാണിതെന്നും വ്യക്തമാണ്. ശശി തരൂരിനു പിറകിൽ എ ഗ്രൂപ്പാണെന്നതു വ്യക്തമാണ്. സംസ്ഥാന തലത്തിൽ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ ഒരു നേതാവ് ഇപ്പോൾ എ ഗ്രൂപ്പിനില്ല എന്നതാണ് വസ്തുത. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ഉമ്മൻചാണ്ടിക്ക് ഇനി കാര്യമായ രാഷ്ട്രീയ ജീവിതം പ്രതീക്ഷിക്കാനാവില്ലല്ലോ. ഒരു കാലത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്ന സുധീരനും ഏറെക്കുറെ അപ്രസക്തനായിക്കഴിഞ്ഞു. മറുവശത്ത് ഇപ്പോൾ സംസ്ഥാന തലത്തിലുള്ള വി. ഡി. സതീശൻ, കെ. സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖനേതാക്കളെല്ലാം ഐ ഗ്രൂപ്പുകാരാണ്. തീർച്ചയായും ഗ്രൂപ്പിനതീതമായ പ്രതിഛായ സൃഷ്ടിക്കാൻ സതീശന് കഴിഞ്ഞിട്ടുണ്ട്. തന്റെ സാധ്യതകൾക്ക് സതീശൻ വിഘാതമാണെന്ന് തിരിച്ചറിയുമ്പോഴും നിസ്സഹായാവസ്ഥയിലാണ് ചെന്നിത്തല. മിക്കവാറും അദ്ദേഹത്തിന് ഹൈക്കമാന്റ് നൽകുന്ന ഏതെങ്കിലും സ്ഥാനത്ത് ഒതുങ്ങേണ്ടിവരും. സുധാകരനെ സംബന്ധിച്ചിടത്തോളം കെ.പി.സി.സി പ്രസിഡന്റാകുക എന്ന ചിരകാല ആഗ്രഹം സാധിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള സാധ്യതയൊന്നും തനിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാം. അത്തരമൊരു ആഗ്രഹം വെച്ചുപുലർത്തുന്ന മറ്റൊരാൾ കെ.സി. വേണുഗോപാലാണ്. കേന്ദ്ര നേതൃത്വത്തിൽ എന്തു പിടിപാടുണ്ടെങ്കിലും കേരളത്തിൽ അദ്ദേഹം സതീശനോളം സ്വീകാര്യനല്ല. 

ഇത്തരമൊരു സാഹചര്യത്തിലാണ് കുശാഗ്ര ബുദ്ധിമാനായ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് തരൂരിനെ രംഗത്തിറക്കിയിരിക്കുന്നത് എന്നു കരുതാം. അതിന്റെ മുന്നോടിയായിരുന്നു അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരവും എന്നുറപ്പ്. എ ഗ്രൂപ്പ് ആസൂത്രണം ചെയ്തിരിക്കുന്ന രീതിയിൽ തന്നെയാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. അത് ഏറ്റവും തിരിച്ചറിയുന്നത് സതീശൻ തന്നെയാണ്. അതാണ് മറ്റു സീനിയർ നേതാക്കൾ ഉപയോഗിക്കാത്ത രീതിയിലുള്ള രൂക്ഷമായ വാക്കുകൾ തരൂരിനെതിരെ പ്രയോഗിച്ചത്. നഷ്ടപ്പെടാനുള്ളത് തനിക്കാണെന്നു അദ്ദേഹത്തിനു മനസ്സിലായിക്കാണും. ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തിയെങ്കിലും ഒരു ജനകീയ മുഖം ഉണ്ടാക്കുന്നതിൽ ചെന്നിത്തല പരാജയമായിരുന്നു. 
എം.കെ. രാഘവനൊപ്പം തരൂർ മലബാറിൽ നടത്തിയ പരിപാടികൾക്കു പിറകിൽ എ ഗ്രൂപ്പാണെന്ന സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്തെത്തുന്നതോടെ കാര്യങ്ങൾ വ്യക്തമാണ്. മിക്ക നേതാക്കളുടെയും ചിത്രങ്ങൾ വെച്ച പോസ്റ്ററിൽ സതീശനെ ഒഴിവാക്കിയപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ഐ ഗ്രൂപ്പ് തിരിച്ചറിയുന്നത്. തരൂരും കൂട്ടരുമാകട്ടെ വിഷയം പാർട്ടിക്കു പുറത്തേക്കും കൊണ്ടുപോകുകയാണ്. 
തരൂരിന്റെ നീക്കങ്ങൾ ഐ ഗ്രൂപ്പിനെ മാത്രമല്ല, സി.പി.എമ്മിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ഒരു വശത്ത് കോൺഗ്രസസ്സിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതിൽ അവർ സന്തുഷ്ടരാണ്. തരൂരുമായി കാര്യമായ ഏറ്റുമുട്ടലൊന്നും സി.പി.എം നേതാക്കൾ നടത്താറില്ല. എ.ഐ. സി.സി തെരഞ്ഞെടുപ്പു വേളയിൽ പല നേതാക്കളും തരൂരിനെ പ്രശംസിച്ചിരുന്നു. ഐ ഗ്രൂപ്പ് ആരോപിക്കുന്ന പോലെ തരൂരിന് സി.പി.എമ്മിനോടും മുഖ്യമന്ത്രിയോടും സോഫ്റ്റ് കോർണറാണുള്ളതെന്നും അവർ കരുതുന്നു. അതുകൊണ്ടാകാം ചില സി.പി.എം  നേതാക്കൾ തരൂരിനെ പിന്തുണച്ച് ഇപ്പോഴും രംഗത്തു വന്നു. എന്നാൽ മറ്റു ചില നേതാക്കൾ തരൂരിനെ രൂക്ഷമായി വിമർശിക്കുന്നതും കണ്ടു. ഈ നീക്കങ്ങൾ സതീശനെ ക്ഷീണിപ്പിക്കുമെങ്കിലും തരൂർ അതിശക്തനാകുമോ എന്നവർ ആശങ്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലേക്ക് ഇത്തരത്തിൽ അദ്ദേഹം കടന്നുവരുമെന്ന് സി.പി.എമ്മും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ തങ്ങളെ പിന്തുണക്കുന്ന വിവിധ സമുദായങ്ങളെ കോൺഗ്രസിന് അനുകൂലമാക്കാൻ തരൂരിനു കഴിയുമോ എന്നതാണ് അവരുടെ പ്രധാന ആശങ്ക. ചെറുപ്പക്കാർക്കിടയിലും സോഷ്യൽ മീഡിയയിലും തരൂരിനുള്ള സ്വാധീനവും അവർക്ക് ആശങ്കയാണ്. 

കോൺഗ്രസ് അടിസ്ഥാനപരമായി ജനാധിപത്യ പാർട്ടിയാണ്. അതിൽ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടുകൾ കൊണ്ടുവരുന്നതാണ് പാർട്ടിയെ തകർക്കുക. നേതാക്കളുടെ പ്രവർത്തനങ്ങളെയും അവർ യോഗങ്ങളിൽ പങ്കെടുക്കുന്നതിനെ വിലക്കുന്നതുമൊന്നും കോൺഗ്രസ് ശൈലിയല്ല. കോൺഗ്രസ് സി.പി.എമ്മിനു പഠിക്കേണ്ടതില്ല. സതീശനും തരൂരും മാത്രമല്ല, എല്ലാ നേതാക്കളും വാശിയോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരാകണമെന്നത് ആ സമയത്ത് പാർട്ടിക്കകത്തെ മാത്രമല്ല, പുറത്തെയും ഭൂരിപക്ഷാഭിപ്രായത്തിൽ തീരുമാനിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ കാംക്ഷികളായ സതീശനും തരൂരും അതിനർഹർ തന്നെയാണ്. അതേസമയം കോൺഗ്രസ് നിലനിൽക്കേണ്ടതും ശക്തിപ്പെടേണ്ടതും രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയുടെ കാലത്ത് അനിവാര്യമാണ്. ഒരുപക്ഷേ കേരളത്തിലെ സി.പി.എം ഒഴികെ രാജ്യത്തെ മുഴുവൻ ജനാധിപത്യ ശക്തികളും അതാഗ്രഹിക്കുന്നു. കേരളത്തിലെ സി.പി.എം എന്തുകൊണ്ടങ്ങനെ ചിന്തിക്കുന്നു എന്നത് വ്യക്തമാണെന്നതിനാൽ അവരെ കുറ്റപ്പെടുത്താനുമാകില്ല. രാജ്യം നേരിടുന്ന ഈ വെല്ലുവിളി തിരിച്ചറിഞ്ഞാണ്, അതേറ്റെടുത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യാത്ര നടക്കുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ പ്രധാന ശക്തികേന്ദ്രമായ കേരളത്തിലെ സംഭവ വികാസങ്ങൾ പാർട്ടിയെ തളർത്തുന്നതിനു പകരം വളർത്താനുള്ള ദിശയിലേക്ക് തിരിച്ചുവിടാനാണ് നേതാക്കൾ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ കാലത്തിനു മുന്നിൽ കുറ്റവാളികളായി അവർക്ക് നിൽക്കേണ്ടിവരും. 

Latest News