ബറേലി (യു.പി) - കുട്ടികളുണ്ടാവാത്തതിനെ തുടർന്ന്, പത്തുവയസുകാരനെ കൊന്ന് രക്തം കുടിച്ച യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കാമുകനായ യുവാവിന്റെയും ബന്ധുവിന്റെയും സഹായത്തോടെ അയൽവാസിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
ഉത്തർപ്രദേശിലെ റോസ സ്‌റ്റേഷൻ പരിധിയിലെ ജമുക ഗ്രാമത്തിൽ 2017 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കൊലയ്ക്ക് ശേഷം മൂന്നാംദിവസം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും യുവതിക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഭർതൃവീട്ടിൽ പരിഹാസം പതിവായിരുന്നുവത്രെ. ഇത് സഹിക്കവയ്യാതെ യുവതി ഭർത്താവ് മധോട്ടണ്ഡയിലെ ധർമ്മപാലിനെ ഉപേക്ഷിച്ച് ഷാജഹാൻപൂരിലെ ബന്ധുക്കൾക്കൊപ്പം താമസം മാറുകയായിരുന്നു. അവിടെ വച്ചാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്. ഗർഭം ധരിക്കാനാകാത്തതിനെ തുടർന്ന് താൻ ഒരു തന്ത്രിയെ സമീപിച്ചുവെന്നും കുട്ടികളില്ലാത്തതിന്റെ കളങ്കം മാറ്റാൻ ആചാരപ്രകാരം കൃത്യം നിർവഹിക്കുകയാണുണ്ടായതെന്നും 33-കാരിയായ യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
'കുട്ടിയെ കൊലപ്പെടുത്തി രക്തം കുടിച്ചാൽ ഗർഭം ധരിക്കുമെന്ന വിശ്വാസത്തിലാണിവർ കൃത്യം ചെയ്തത്. ഇത് ഭയാനകമായ ക്രൂരകൃത്യമാണെന്ന്' അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ വിനോദ് ശുക്ല പറഞ്ഞു. ആചാരത്തിന്റെ ഭാഗമായി യുവതി ആൺകുട്ടിയുടെ രക്തം കുടിക്കുകയും മുഖത്ത് പുരട്ടുകയും ചെയ്തതായി പ്രോസിക്യൂഷൻ പറഞ്ഞു. ബറേലിയിലെ കോടതിയാണ് യുവതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൃത്യം നടത്താൻ യുവതിയെ സഹായിച്ച കാമുകനും ബന്ധുവിനും ജീവപര്യന്തം ശിക്ഷയുണ്ട്. ഓരോ പ്രതികൾക്കും 5,000 രൂപ വീതം പിഴയും ചുമത്തി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.