ജനനേന്ദ്രിയം മുറിച്ച് മറീന ബീച്ചിലെറിയുമെന്ന് വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയ ബി. ജെ. പി നേതാവിന് സസ്‌പെന്‍ഷന്‍

ചെന്നൈ- വനിതാ നേതാവിനെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായതോടെ ഒ. ബി. സി വിഭാഗം നേതാവിന് സസ്‌പെന്‍ഷന്‍. ബി. ജെ. പി സംസ്ഥാന ന്യൂനപക്ഷ വിഭാഗം മേധാവി ഡെയ്‌സി ശരണിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെയാണ് ബി. ജെ. പി ഒ. ബി. സി വിഭാഗം നേതാവ് സൂര്യ ശിവയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. 

പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കിയിട്ടുണ്ട്. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. വനിതാ നേതാവിനെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു സൂര്യശിവ. ഇയാളും ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

വനിതാ നേതാവിനെ കൊലപ്പെടുത്താന്‍ ഗുണ്ടകളെ അയക്കുമെന്നും ജനനേന്ദ്രിയം മുറിച്ച് മറീന ബീച്ചിലേക്ക് വലിച്ചെറിയുമെന്നും സൂര്യ ശിവ ഫോണില്‍ പറയുന്നുണ്ട്. 

ആറു മാസം മുമ്പ് ബി. ജെ. പിയില്‍ ചേര്‍ന്ന സൂര്യശിവ മുതിര്‍ന്ന ഡി. എം. കെ നേതാവും രാജ്യസഭാ എം. പിയുമായ തിരുച്ചി ശിവയുടെ മകനാണ്. സൂര്യശിവയ്‌ക്കെതിരെ സംസാരിച്ച ബി. ജെ. പി സംസ്ഥാന വികസന വിഭാഗം നേതാവ് നടി ഗായത്രി രഘുരാമിനെ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനായിരുന്നു സസ്‌പെന്‍ഷന്‍. 

തമിഴ്‌നാട് ബി. ജെ. പിയിലെ നേതാക്കളില്‍ പലരും അടുത്തിടെ നിരവധി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വലിയ തലവേദനയാണ് പാര്‍ട്ടിക്ക് നല്‍കുന്നത്. ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ടി. രാഘവന്‍ വനിതാ പ്രവര്‍ത്തകയോട് മോശം പരാമര്‍ശം നടത്തിയ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ക്ക് രാജിവെക്കേണ്ടി വന്നിട്ടുണ്ട്. 

Tags

Latest News