Sorry, you need to enable JavaScript to visit this website.

താരാരാധന വ്യക്തിസ്വാതന്ത്ര്യം, തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് മന്ത്രി ശിവൻകുട്ടി; വിശദീകരിച്ച് സമസ്ത

കോഴിക്കോട് - ഫുട്‌ബോൾ ആരാധനയ്‌ക്കെതിരെ ബോധവൽകരണം നടത്താൻ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താൻ ജനങ്ങൾക്കും അവകാശമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന സമസ്തയുടെ പ്രസ്താവനയോടാണ് പ്രതികരണം. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
 താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ ആരും കൈകടത്തണ്ട. പാട്ടു കേൾക്കണോ ഫുട്‌ബോൾ കാണണോ രാവിലെ നടക്കാൻ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്, അതല്ലാതെ മതസംഘടനകളോ മറ്റോ അല്ലെന്നും മന്ത്രി പറഞ്ഞു.
 ലോകകപ്പ് ഫുട്ബാൾ ആവേശത്തിനിടെ കാര്യങ്ങൾ കൈവിട്ട് പോകരുതെന്ന നിലയിൽ സമസ്ത വിശ്വാസികളോടായി ബോധവത്കരണം നടത്തിയിരുന്നു. വിനോദങ്ങൾ ആവശ്യമാണെങ്കിലും അവ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ പൂർണമായും വിനോദമാകുകയും ചെയ്യുന്ന അപകടകരമായ ജ്വരം ഉണ്ടായിക്കൂടെന്ന് സമസ്ത ചൂണ്ടിക്കാണിച്ചിരുന്നു.
 ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. കളി കാണുന്നവർ രാത്രിയിലും പകലിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് തടസ്സമുണ്ടാവാത്ത വിധമായിരിക്കണം കാണേണ്ടത്. തെരുവുകളിലും കുഗ്രാമങ്ങളിലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും ധൂർത്താണ്. ഇന്ത്യയിൽ അധിനിവേശം നടത്തിയ ക്രൂരന്മാരായ പോർച്ചുഗലിനെയും ഇസ്‌ലാമികവിരുദ്ധ രാജ്യങ്ങളെയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ലെന്നും സമസ്തയിൽനിന്ന് വിമർശമുണ്ടായിരുന്നു.

Latest News