ആളുകളെ കൊല്ലുന്ന കാര്യവും റോബോട്ടുകളെ ഏല്‍പിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ-റോബോട്ടുകള്‍ക്ക് മനുഷ്യരെ കൊല്ലാനുള്ള അനുവാദം കൂടി നല്‍കാന്‍ ഒരുങ്ങി അമേരിക്ക. കുറ്റവാളികളെ കൊല്ലാന്‍ റോബോട്ടുകളെ അനുവദിക്കുന്ന നിര്‍ണായക തീരുമാനം നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ സാന്‍ ഫ്രാന്‍സിസ്‌കോ പോലീസ് ആരംഭിച്ചു.  
അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികളെ ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊല്ലാനുള്ള അനുവാദം റോബോട്ടുകള്‍ക്ക് നല്‍കാനാണ് സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങുന്നത്. കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലില്‍ പൊതുജനങ്ങള്‍ക്കും പോലീസിനും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് റോബോട്ടുകളെ സേനയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം. റോബോട്ടുകള്‍ക്ക് ഈ പ്രത്യേക അധികാരം നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ നവംബര്‍ 29ന് സൂക്ഷ്മപരിശോധനയും വോട്ടെടുപ്പും നടക്കും.  
റോബോട്ടിക്‌സ് എഞ്ചിനീയറിംഗ് അതിവേഗം വളരുന്ന ഒരു കാലഘട്ടമാണിത്. റോബോട്ടുകളുടെ സഹായം ഇതിനകം തന്നെ പല മേഖലകളിലും തൊഴിലാളികളെ കുറക്കാന്‍ നടപ്പാക്കിയിട്ടുണ്ട്. ഭക്ഷണം വിളമ്പുന്ന റോബോട്ടുകളും സാധനങ്ങള്‍ അടുക്കിവെക്കുന്ന റോബോട്ടുകളും തുടങ്ങി മനുഷ്യരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന റോബോട്ടുകള്‍ ഇപ്പോള്‍ സാധാരണമാണ്. ഇതില്‍ നിന്നെല്ലാം ഒരു പടി കൂടി കടന്നാണ് മനുഷ്യരെ കൊല്ലാന്‍ കൂടി  റോബോട്ടുകളെ ഏല്‍പിക്കുന്നത്.

 

Latest News