ബെംഗളുര് - വ്യവസായിയുടെ മൃതദേഹം ബെംഗളുരുവിലെ ചപ്പുകൂനയിൽ പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയതിൽ പുതിയ വെളിപ്പെടുത്തലുമായി അന്വേഷണസംഘം. കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് 67-കാരനായ വ്യവസായി മരിച്ചത്. തന്റെ 35-കാരിയായ വീട്ടുജോലിക്കാരുമായി അവിഹിത ബന്ധത്തിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. നവംബർ 16ന് കാമുകിയുടെ വീട്ടിലെത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നുവെന്നും പറയുന്നു.
സംഭവം പുറത്തറിയുന്നതിലുളള നാണക്കേട് ഭയന്ന് യുവതി ഉടനെ ഭർത്താവിനെയും സഹോദരനെയും വിളിച്ച് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് യുവതിയും ഭർത്താവും മറ്റും ചേർന്ന് വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ജെ.പി നഗറിലെ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നു. ചോദ്യംചെയ്യലിൽ യുവതി ഇക്കാര്യം സമ്മതിച്ചതായും കൊലപാതകക്കേസ് വരുമെന്ന് പേടിച്ചാണിത് ചെയ്തതെന്നും മൊഴിയുള്ളതായി പോലീസ് പറഞ്ഞു. ഇദ്ദേഹം വേലക്കാരിയുമായി ഏറെ നാളായി ബന്ധമുണ്ടായിരുന്നുവെന്നും ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും പറയുന്നു. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. വ്യവസായിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് യുവതിയെ സംഭവദിവസം ഉൾപ്പെടെ പലതവണ വ്യവസായി വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ജെ.പി നഗറിലെ പുട്ടേനഹള്ളി സ്വദേശിയായ വ്യവസായി ഈമാസം 16ന് ചെറുമകനെ ബാഡ്മിന്റൺ ക്ലാസിന് വിടാൻ വീട്ടിൽനിന്ന് പോയിരുന്നു. വൈകീട്ട് മരുമകളെ വിളിച്ച് താൻ വരാൻ വൈകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. തുടർന്ന് കുടുംബം പോലീസ് സ്‌റ്റേഷനിൽ പരാതി നല്കുകയായിരുന്നു. പരാതി ലഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് സംശയാസ്പദമായ നിലയിൽ മൃതദേഹം പ്ലാസ്റ്റിക് കവറുകളിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് പോലീസ് കണ്ടെത്തിയത്.






