Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജര്‍മനിയിലേക്കുള്ള നഴ്‌സുമാര്‍; നോർക്കയുടെ രണ്ടാംഘട്ട റാങ്ക് ലിസ്റ്റില്‍ 580 പേര്‍

തിരുവനന്തപുരം- ജര്‍മ്മനിയിലേയ്ക്ക് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്ന് അഭിമുഖത്തിനുശേഷം തിരഞ്ഞെടുത്ത 580 പേരുള്‍പ്പെടുന്ന റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org യില്‍ ലഭ്യമാണ്. ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനമുളളവരെ ഉള്‍പ്പെടുത്തിയുളള ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ 632 നഴ്‌സിങ്ങ് പ്രൊഫഷണലുകളാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. നവംബര്‍ 2 മുതല്‍ 11 വരെ തിരുവനന്തപുരത്തായിരുന്നു അഭിമുഖം.

കഴിഞ്ഞ മെയ് മാസത്തില്‍ അഭിമുഖം പൂര്‍ത്തിയായി ആദ്യഘട്ട വെയിറ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 20 പേരും  നവംബറില്‍ നടന്ന രണ്ടാം ഘട്ട അഭിമുഖത്തില്‍ നിന്നുളള 280 ഉദ്യോഗാര്‍ത്ഥികളും  പട്ടികയിലുണ്ട്. ഇതിനോടകം ജര്‍മ്മന്‍ ഭാഷാ പരിശീലനം നേടിയവര്‍ക്കായുളള ഫാസ്റ്റ് ട്രാക്ക് കാറ്റഗറിയില്‍ നിന്ന് ആറും  ഉപാധികളോടെയുളള ഫാസ്റ്റ് ട്രാക്ക് കാറ്റഗറിയില്‍ (ജര്‍മ്മന്‍ ഭാഷാപഠനത്തിന്റെ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍) നിന്നും 24 പേരും, നവംബറിലെ അഭിമുഖത്തില്‍ പങ്കെടുത്ത വെയിറ്റിങ്ങ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട 250 ഉദ്യോഗാര്‍ത്ഥികളും ഉള്‍പ്പെടുന്നതാണ് 580 പേരുടെ റാങ്ക് ലിസ്റ്റ്.

രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ്ങ് പ്രൊഫഷണലുകളെയാണ് ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ പഠന നിലവാരവും, തൊഴില്‍ പരിചയവും, പ്രൊഫഷണല്‍ മികവും കണക്കിലെടുത്താണ് 580 പേരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. റാങ്ക് ലിസ്റ്റില്‍ നിന്നുളള ആദ്യ 300 പേരുടെ ജര്‍മ്മന്‍ ഭാഷാ പരിശീലനം 2023 ജനുവരിയിലും മറ്റുളളവര്‍ക്ക് അടുത്ത ജൂണിലുമാണ്.

ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍  കോഓപ്പറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടത്തുന്ന നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം. കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനാണ് പദ്ധതി.  പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജര്‍മ്മനിയില്‍ എത്തിയശേഷവുമുളള ജര്‍മ്മന്‍ ഭാഷാ പഠനവും, യാത്രാചെലവുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവ സൗജന്യമാണ്. റിക്രൂട്ട്‌മെന്റ് സംബന്ധിച്ചും, റാങ്ക് ലിസ്റ്റ് സംബന്ധിച്ചുമുളള കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവാര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറില്‍ 1800 425 3939 ബന്ധപ്പെടാവുന്നതാണ്.

 

Latest News