Sorry, you need to enable JavaScript to visit this website.

വീണ്ടും കീറാമുട്ടിയായി ഗെഹലോട്ട്-സച്ചിൻ പ്രശ്‌നം; പരിഹരിക്കുമെന്ന് ജയറാം രമേശ്

ന്യൂദൽഹി / ജയ്പൂർ - രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ പ്രതികരിച്ച് പാർട്ടി വക്താവ് ജയറാം രമേശ് എം.പി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കാനിരിക്കെ, മുഖ്യമന്ത്രി അശോക് ഗെഹലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റുമായുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് പ്രതികരണം.
 മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ഗെഹലോട്ടും ഹൈക്കമാൻഡ് ധാരണയനുസരിച്ച് അവസാന ഒരുവർഷം പദവി വേണമെന്ന നിലപാടിൽ സച്ചിൻ പൈലറ്റും ഉറച്ചുനിൽക്കുകയാണ്. സംഭവത്തിൽ എ.ഐ.സി.സി നേതൃത്വമോ മുതിർന്ന കോൺഗ്രസ് നേതാക്കളോ പ്രതികരിച്ചിരുന്നില്ല. 
 എന്നാൽ, പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ രാജസ്ഥാൻ കോൺഗ്രസിലുള്ളൂവെന്നാണ് ജയറാം രമേശ് പറയുന്നത്. അശോക് ഗെഹലോട്ട് മുതിർന്നതും പരിചയസമ്പന്നനുമായ രാഷ്ട്രീയ നേതാവാണ്. തന്റെ ഇളയ സഹപ്രവർത്തകനായ സച്ചിൻ പൈലറ്റുമായി അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായവ്യത്യാസങ്ങൾ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്ന രീതിയിൽ പരിഹരിക്കും. ഇപ്പോൾ തന്നെ വൻ വിജയമായ ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ ഫലപ്രദമാക്കേണ്ടത് ഓരോ കോൺഗ്രസുകാരുടെയും കടമയാണെന്നും ജയറാം രമേശ് പറഞ്ഞു. 
 സച്ചിൻ പൈലറ്റിനെ ചതിയനെന്നാണ് അശോക് ഗെഹലോാട്ട് വിശേഷിപ്പിച്ചത്. സച്ചിനെ കോൺഗ്രസ് ഹൈക്കമാൻഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2020ൽ കോൺഗ്രസിനെതിരെ കലാപക്കൊടി ഉയർത്തി സ്വന്തം സർക്കാരിനെ താഴെയിറക്കാൻ സച്ചിൻ ശ്രമിച്ചു. ഒരു രാജ്യദ്രോഹിയ്ക്ക് മഖ്യമന്ത്രിയാകാൻ കഴിയില്ല. ഹൈക്കമാൻഡ് ഒരിക്കലും സച്ചിനെ മുഖ്യമന്ത്രിയാക്കില്ല. പത്ത് എം.എൽ.എമാർ പോലും കൂടെയില്ലാത്തയാൾ. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായ്ക്ക് സച്ചിന്റെ കലാപത്തിൽ പങ്കുണ്ടെന്നുമായിരുന്നു ഗെഹലോട്ട് ആരോപിച്ചത്.
 എന്നാൽ ഗെഹലോട്ടിന്റെ 'ചതിയൻ' പരാമർശത്തിൽ ചീത്ത പേര് വിളിക്കലിലും ചെളിവാരിയെറിയിലിലും അർത്ഥമില്ലെന്നാണ് സച്ചിൻ പൈലറ്റ് പ്രതികരിച്ചത്. ഗെഹലോട്ട് തന്നെ ഉപയോഗശൂന്യൻ, നീചൻ, ചതിയൻ അങ്ങനെ പലതും വിളിക്കാറുണ്ടെന്നും എന്നാൽ അത്തരം ഭാഷ ഉപയോഗിക്കുന്നത് തന്റെ ശീലമല്ലെന്നും സച്ചിൻ പറഞ്ഞു. ഇത്രയും അനുഭവപരിചയമുള്ള, പാർട്ടിക്ക് ഇത്രയധികം സംഭാവന നൽകിയ മുതിർന്ന ഒരാൾ, ഈ ഭാഷ ഉപയോഗിക്കുന്നത് തെറ്റാണ്. ഗെഹലോട്ടിനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതലയെന്ന് ഓർമ്മിപ്പിച്ച സച്ചിൻ പൈലറ്റ്, അവിടെ തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും പറഞ്ഞു. ആർക്കെതിരെയും ചെളിവാരിയെറിയാനില്ല. തന്നെ ഉപദ്രവിക്കാൻ ആരാണ് ഉപദേശം നൽകുന്നതെന്ന് മനസിലാകുന്നില്ലെന്നുമായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രതികരണം.
 രാജസ്ഥാൻ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലാപം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്. ഗെഹലോട്ട് സർക്കാറിന് കാലാവധി തീരാൻ ഒരുവർഷം മാത്രമാണ് ശേഷിക്കുന്നത്. അതിനിടെ, ഹൈക്കമാൻഡ് നല്കിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിൻ പൈലറ്റിനെ തുണക്കുന്നവരുടെ ആവശ്യം. ഡിസംബർ വരെ കാക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്. എന്നാൽ, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാമെന്ന് ആരും വാക്ക് കൊടുത്തിട്ടില്ലെന്നാണ് ഗെഹലോട്ട് പക്ഷത്തിന്റെ മറുപടി. ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ഗെഹലോട്ടിനുള്ളപ്പോൾ പ്രശ്‌നപരിഹാരം എ.ഐ.സി.സിക്ക് കീറാമുട്ടിയായിരിക്കുകയാണ്. അംഗബലം കുറവെങ്കിലും സച്ചിൻ പൈലറ്റ് ഉയർത്തുന്ന  ഭീഷണിയെ പാടെ അവഗണിച്ചാൽ അത് യുവാക്കളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബി.ജെ.പി ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും നിലനിൽക്കുന്നു.

Latest News