ജനകീയ ഹര്‍ത്താലില്‍ കോഴിക്കോടിന്റെ  പടിഞ്ഞാറന്‍ മേഖല നിശ്ചലമായി 

കോഴിക്കോട്-കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തുന്ന ജനകീയ ഹര്‍ത്താലില്‍ കോഴിക്കോടിന്റെ പടിഞ്ഞാറന്‍ മേഖല നിശ്ചലമായി. സമരസമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്.  കോതിയില്‍ പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ നടപടികള്‍ കോര്‍പറേഷന്‍ ആരംഭിച്ചതോടെ സമരസമിതി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് 42 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് 57, 58, 59 ഡിവിഷനുകളില്‍ കുറ്റിച്ചിറ, കുണ്ടുങ്ങല്‍, ഇടിയങ്ങര, പളളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നീ ഭാഗങ്ങളില്‍ പ്രാദേശിക ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പടെ സമരമുഖത്ത് തുടരുകയാണ്. പ്രതിഷേധം അവഗണിച്ച് പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതോടെയാണ് സമര സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സമരത്തിന് യുഡിഎഫ് പിന്തുണയും ഉണ്ട്.
പദ്ധതി പ്രദേശത്തേക്കുള്ള വഴി ഉപരോധിച്ച് ഇന്നലെ ശക്തമായ പ്രതിഷേധം നാട്ടുകാര്‍ നടത്തിയിരുന്നു. പോലീസ് സേനയുടെ സഹായത്തോടെ പ്രതിഷേധം മറികടന്ന് കോര്‍പറേഷന്‍ അധികൃതര്‍ നിര്‍മാണവുമായി മുന്നോട്ട് പോവുകയായിരുന്നു.
പദ്ധതിയ്ക്കെതിരെ ഇവിടെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് മേയര്‍ ബീനാ ഫിലിപ്പ് വ്യക്തമാക്കിയിരുന്നു.  ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ വിഷയം പ്രതിപക്ഷം ഉന്നയിക്കും. മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലം കോഴിക്കോട് നഗരത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിലൊന്നാണ്. സി.പി.എം ഉള്‍പ്പെടെ പാര്‍ട്ടികളില്‍ പെട്ട പാവപ്പെട്ട ജനവിഭാഗങ്ങളുടേതാണ് അടുത്തടുത്ത വീടുകള്‍. കല്ലായി പുഴ അറബിക്കടലില്‍ സംഗമിക്കുന്നതിന് തൊട്ടാണ് ഈ പ്രദേശം. വീടുകളിലെ കിണറുകളിലേക്ക് മലിന ജലം എത്തുമെന്നതാണ് പ്രധാന ആശങ്ക. വിഴിഞ്ഞം, ആവിക്കല്‍ പോലെ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് മറ്റൊരു തലവേദന കൂടി രൂപപ്പെട്ടു വരികയാണ്. ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് മേഖലയിലെ പ്രധാന സ്‌കൂളുകളും പ്രവര്‍ത്തിച്ചിട്ടില്ല. എം.എം ഹൈസ്‌കൂള്‍, കാലിക്കറ്റ് ഗേള്‍സ് സ്‌കൂള്‍ എന്നിവയിലെ അധ്യയനം മുടങ്ങി. ഫ്രാന്‍സിസ് റോഡ്, ഇടിയങ്ങര, കുണ്ടുങ്ങല്‍, പള്ളിക്കണ്ടി പ്രദേശങ്ങള്‍ നിശ്ചലമായി. 


 

Latest News