ആന്‍വി ഫ്രഷ്: 22 കോടി തട്ടിയ കേസില്‍ മുഖ്യ പ്രതിയെ പിടികൂടി

കൊച്ചി- ആന്റി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നിരവധിപേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത കേസില്‍ ബാംഗ്ലൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യപ്രതിയായ കമ്പനി എംഡിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചാല്‍ കുഴി, വിഎസ് നിവാസില്‍ ശശിധരന്‍ മകന്‍ വിപിന്‍ വിഎസ് (38) ആണ് അറസ്റ്റിലായത്.
എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍വി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിക്കുന്ന നോണ്‍ വെജ് സൂപ്പര്‍മാര്‍ക്കറ്റിന് ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന് പരസ്യം നല്‍കിയാണ് പ്രതിയും, ഭാര്യ ഉള്‍പ്പെടെയുള്ള കൂട്ടുപ്രതികളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. പരസ്യം കണ്ട് ഫ്രാഞ്ചൈസി തുടങ്ങാന്‍ താല്പര്യപ്പെട്ട് ബന്ധപ്പെട്ട കേരളത്തിന്റെ ഫലഭാഗത്തുനിന്നുള്ള ആളുകളാണ് വഞ്ചിക്കപ്പെട്ടത്. ഇവരില്‍ നിന്നും പ്രതികള്‍ വന്‍ തുകകള്‍ കൈപ്പറ്റുകയായിരുന്നു. ഫ്രാഞ്ചൈസികള്‍ പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത്, സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവരെ നിയമിച്ച് ദിവസവും 5000 രൂപ വീതം 600 ദിവസത്തേക്ക് നല്‍കാമെന്നും അതിന് ശേഷം ലാഭത്തിന്റെ പകുതി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. വാഗ്ദാനം വിശ്വസിച്ചു ബന്ധപ്പെട്ട നിരവധി ആളുകള്‍ പ്രതിയുടെ തട്ടിപ്പിനിരയായി. പണം വാങ്ങിയതിനു ശേഷം സമയപരിധി കഴിഞ്ഞിട്ടും ഫ്രാഞ്ചൈസി തുടങ്ങാതിരിക്കുകയും പണം തിരികെ കൊടുക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പണം നല്‍കിയവര്‍ ഇയാള്‍ക്കെതിരെ പരാതി കൊടുത്തത്.
തുടര്‍ന്ന് പ്രതിയും, കൂട്ടുപ്രതികളും ഒളിവില്‍ പോവുകയായിരുന്നു. വഞ്ചിതരായവരുടെ പരാതിയില്‍ നിലവില്‍ 9 കേസുകള്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്.
150 ഓളം ആളുകളില്‍ നിന്നായി 22 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തതായി അറിവായിട്ടുണ്ട്. നിലവില്‍ 125 ആളുകളുടെ പരാതി പോലീസില്‍ ലഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസിന്റ മേല്‍നോട്ടത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്‍.വി ശശിധരന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ആണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരിലെ ഒളിസാങ്കേത്തില്‍ നിന്നും പിടികൂടിയത്.

 

Latest News